KeralaNEWS

വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികളിൽ ആവേശം പകരുന്നു, ഇടുക്കിയിൽ പൂജാ അവധിക്ക്  എത്തിയത് ഒരു ലക്ഷത്തിലേറെപ്പേർ 

       ഇടുക്കി ജില്ലയിൽ പൂജാ അവധി ആഘോഷിക്കാന്‍ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോഡ് വർദ്ധന. ഒരു ലക്ഷത്തിലധികം ആളുകളാണ് ഇടുക്കിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തിയത്. മഴ മുന്നറിയിപ്പ് ഉണ്ടായിട്ടുപോലും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 21 മുതല്‍ 24 വരെ സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു.

21ന് 13,779 പേരും 22ന് 29,516 പേരും 23 ന് 31757, 24 ന് 20710 പേരും ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. നാല് ദിവസങ്ങളിലായി വാഗമണ്‍ മൊട്ടക്കുന്ന് സന്ദര്‍ശിച്ചത് 30193 പേരാണ്.

Signature-ad

അഡ്വഞ്ചര്‍ പാര്‍ക്കില്‍ 26,986 സഞ്ചാരികളുമെത്തി. രാമക്കല്‍മേട്-8748, മാട്ടുപ്പട്ടി-2330, അരുവിക്കുഴി-1075, എസ്.എന്‍. പുരം-5348, പാഞ്ചാലിമേട്-7600, ഇടുക്കി ഹില്‍വ്യു പാര്‍ക്ക്-5096, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍-8656 എന്നിങ്ങനെയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയ സന്ദര്‍ശകരുടെ എണ്ണം.

സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി എത്തിയതില്‍ ഭൂരിപക്ഷം പേരും സന്ദര്‍ശിച്ചത് വാഗമണ്‍ വിനോദസഞ്ചാരകേന്ദ്രം  തന്നെ. ഇതിനുപുറമേ തേക്കടിയിലും പതിനായിരത്തിലധികം ആളുകളാണ് അവധി ആഘോഷങ്ങള്‍ക്കായി എത്തിയത്.

കണ്ണാടിപ്പാലം കാണാൻ സഞ്ചാരികളുടെ ഒഴുക്ക്

വാഗമണ്ണില്‍ ഗ്ലാസ് ബ്രിഡ്ജ് സന്ദര്‍ശകര്‍ക്കായി തുറന്നതാണ് ഇത്തവണ ഇവിടെ സന്ദര്‍ശകരുടെ എണ്ണം കൂടാന്‍ കാരണം. മൊട്ടക്കുന്നുകളും പൈന്‍മരക്കാടുകളും ആയിരുന്നു നേരത്തേ മുഖ്യ ആകര്‍ഷണമെങ്കിലും ഇന്ത്യയിലേറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിച്ചതോടെയാണ് വാഗമണ്ണിന്റെ പെരുമ വര്‍ധിച്ചത്.

ആയിരക്കണക്കിന് ആളുകള്‍ ഇതിനോടകം ഗ്ലാസ് ബ്രിഡ്ജ് സന്ദര്‍ശിച്ചു. ദേവികുളം ഗ്യാപ് റോഡ് നിര്‍മാണം പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്നതും ജില്ലയിലെ ടൂറിസത്തിന് അനുകൂലഘടകമായി.

അവധി ആഘോഷമാക്കാന്‍ അന്യസംസ്ഥാനങ്ങളില്‍നിന്നടക്കം സഞ്ചാരികള്‍ ഒഴുകിയെത്തിയതോടെ മൂന്നാര്‍, വാഗമണ്‍, തേക്കടിയടക്കമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ചാകരകൊയ്ത്തായിരുന്നു.

മാസങ്ങള്‍ക്കുമുമ്പുതന്നെ പ്രധാന ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും മുറികളെല്ലാം ബുക്കുചെയ്യപ്പെട്ടിരുന്നു. പൂജാ അവധിക്ക് ഉത്തരേന്ത്യക്കാര്‍ കൂടുതലായി എത്തിയിരുന്ന സ്ഥാനത്ത്, തമിഴ്നാട്, കര്‍ണാടക സ്വദേശികളും മലബാര്‍ മേഖലയില്‍ നിന്നുള്ളവരുമാണ് ഇത്തവണ കൂടുതലും മുറികള്‍ മുന്‍കൂട്ടി ബുക്കുചെയ്തിരുന്നത്.

സഞ്ചാരികളുടെ തിരക്ക് കൂടിയതോടെ അടിമാലി-മൂന്നാര്‍ റോഡ്, കുമളി-തേക്കടി റോഡ്, കോട്ടയം-വാഗമണ്‍-ഏലപ്പാറ റോഡ്, കാഞ്ഞാര്‍-പുള്ളിക്കാനം റോഡ് എന്നീ പാതകളില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Back to top button
error: