IndiaNEWS

”ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്നു പറഞ്ഞിട്ടില്ല; ഭാരതം എന്ന പേര് ആത്മാഭിമാനം വളര്‍ത്തുന്നു”

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍നിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള ശുപാര്‍ശ വിവാദമായതിനു പിന്നാലെ പ്രതികരണവുമായി എന്‍സിഇആര്‍ടി സോഷ്യല്‍ സയന്‍സ് സമിതി അധ്യക്ഷനും മലയാളിയുമായ പ്രഫ. സി.ഐ. ഐസക്. ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ഭാരതം എന്ന പേര് ആത്മാഭിമാനം വളര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

”പതിറ്റാണ്ടുകള്‍ നീണ്ട അധ്യാപന ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ എന്നും ഭാരതം എന്നും പറയുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന വ്യത്യാസം അറിയാം. ഈ രണ്ടു പേരുകളും കുട്ടികളിലുണ്ടാക്കുന്ന അനന്തരഫലവും മനസ്സിലാകും. ഭാരതം എന്നു പറയുമ്പോള്‍ അവര്‍ക്കു വലിയ സന്തോഷമാണ്. ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഭാരതം എന്നുകൂടി പഠിപ്പിക്കണമെന്നാണ് നിര്‍ദേശിച്ചത്. ഭാരതം എന്ന പേര് ആത്മാഭിമാനം വളര്‍ത്തുന്നു.

Signature-ad

7000 വര്‍ഷത്തിലേറെ പഴക്കമുള്ള വിഷ്ണു പുരാണത്തില്‍ ഭാരതം എന്നു പരാമര്‍ശിച്ചിട്ടുണ്ട്. കാളിദാസനും ഈ പേര് ഉപയോഗിച്ചിട്ടുണ്ട്. 1757ലെ പ്ലാസി യുദ്ധത്തിനു േശഷമാണ് ‘ഇന്ത്യ’ സജീവമായത്. 12 ാം ക്ലാസ് വരെ പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് ഉപയോഗിക്കണമെന്ന ശുപാര്‍ശ ഈ സാഹചര്യത്തിലാണു നല്‍കിയത്. ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയിട്ടില്ല. ആത്മസംതൃപ്തി തോന്നുന്നുണ്ട്” -സി.ഐ.ഐസക് വ്യക്തമാക്കി.

സോഷ്യല്‍ സയന്‍സ് സമിതി സമര്‍പ്പിച്ച നിലപാടു രേഖയിലാണ് (പൊസിഷന്‍ പേപ്പര്‍) പേരുമാറ്റം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുള്ളത്. ചരിത്രത്തെ മൂന്നായി വേര്‍തിരിക്കുമ്പോള്‍ പൗരാണികം (ഏന്‍ഷ്യന്റ്) എന്നതിനു പകരം ‘ക്ലാസിക്കല്‍’ എന്നുപയോഗിക്കണമെന്നും ഇന്ത്യന്‍ നോളജ് സിസ്റ്റത്തിനു (ഐകെഎസ്) കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നുമുള്ള രേഖ 4 മാസം മുന്‍പാണു സമര്‍പ്പിച്ചത്. വിദഗ്ധ സമിതിയും വിവിധ സംസ്ഥാനങ്ങളും നല്‍കിയ നിലപാടു രേഖകള്‍ വിലയിരുത്തിയ ശേഷമാകും പാഠ്യപദ്ധതി പരിഷ്‌കരണ സമിതി അന്തിമ തീരുമാനമെടുക്കുക. വിഷയത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് എന്‍സിഇആര്‍ടി പ്രതികരിച്ചു.

Back to top button
error: