മാന്നാർ: പരുമല സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്ക പള്ളിയിൽ ഇടിമിന്നലേറ്റ് വൻ നാശനഷ്ടം. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ഇടിമിന്നലിൽ പള്ളിയിലെ കൊടിമരത്തിനും പള്ളിമേടയിലെ വൈദ്യുതി ഉപകരണങ്ങൾക്കുമാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. കൊടിമരത്തിന്റെ മുകളിൽ ഇടിമിന്നലേറ്റതിന്റെ ആഘാതത്തിൽ താഴെയുള്ള കൽക്കെട്ട് തകർന്ന് കരിങ്കല്ലുകൾ ഇളകി മീറ്ററുകളോളം അകലെ തെറിച്ച് മാറിയ നിലയിലാണ്. കൊടിമരത്തിന് ചരിവുമുണ്ടായി.
വൈദ്യത പോസ്റ്റിൽ നിന്ന് മേടയിലേക്കുള്ള സർവീസ് വയറും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പള്ളി മേടയിലെ ഇൻവർട്ടറിന്റെ ബാറ്ററിയും വൈദ്യുത സ്വിച്ചുകളും പൊട്ടിത്തെറിക്കുകയും കെട്ടിടത്തിന്റെ പല വശങ്ങളിലും കേടുപാടുകൾ സംഭവിക്കുകയുമുണ്ടായി. ഭിത്തിയുടെ പല ഭാഗങ്ങളും പൊട്ടി അടർന്ന നിലയിലാണ്. കൊടിമരത്തോട് ചേർന്നുള്ള കൽക്കുരിശിനും കേടുപാടുകൾ സംഭവിച്ചു. തകർന്ന കൊടിമരം പൊളിച്ച് നിർമ്മിക്കേണ്ട അവസ്ഥയിലാണ്.