ആലപ്പുഴ: പ്രണയം നടിച്ച് കാറിൽ കയറ്റി യുവതിയുടെ ഫോണും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. ചങ്ങനാശ്ശേരി കുമരങ്കരി ആറുപറയിൽ വീട്ടിൽ രാജീവ് എൻ.ആർ (31) ആണ് ചെങ്ങന്നൂർ പോലീസിന്റെ പിടിയിലായത്. യുവതിയുടെ പക്കൽ നിന്നും 18,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 2000 രൂപയുമാണ് പ്രതി കവർന്നത്. കഴിഞ്ഞ 21നായിരുന്നു സംഭവം.
തിരുവല്ല കവിയൂർ ഭാഗത്ത് ഹോം നേഴ്സായി ജോലി ചെയ്തിരുന്ന കൊല്ലം കടയ്ക്കൽ സ്വദേശിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. വീട്ടിലേയ്ക്ക് പോകാനായി യുവതി ബസ് കാത്തിരുന്ന സമയത്താണ് പ്രതി കാറിൽ തിരുവല്ല ബസ് സ്റ്റാൻഡിൽ വിടാമെന്ന് പറഞ്ഞ് കയറ്റിയത്. കാറിന്റെ മുൻസീറ്റിൽ ഇരിക്കാൻ നിർബന്ധിച്ചശേഷം തിരുവല്ലയിൽ ഇറക്കാതെ തന്ത്രപൂർവം കാറിൽ ചുറ്റിയടിച്ചും പ്രണയം നടിച്ചും കൊണ്ടുനടന്ന് തന്ത്രപൂർവം മൊബൈൽഫോണും പണവും കൈക്കലാക്കുകയായിരുന്നു. പിന്നീട് യുവതിയെ ടൗണിൽ ഇടറോഡിൽ ഇറക്കിവിട്ടശേഷം പ്രതി കാറുമായി രക്ഷപെട്ടു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഉപയോഗിച്ച കാർ കണ്ടെത്തി. 23ന് രാവിലെ പന്തളത്തുനിന്നുമാണ് പ്രതിയെ വാഹനം ഉൾപ്പെടെ പിടികൂടുന്നത്. മൊബൈൽ ഫോൺ പ്രതി ഒരു കടയിൽ വിറ്റിരുന്നു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ വിപിൻ എ.സി, സബ് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, അനിലാകുമാരി, ശ്രീകുമാർ, തോമസ്, അനിൽകുമാർ, സീനിയർ സിപിഒ മാരായ അനിൽ, സിജു, ഷൈൻ, സിപിഒ മാരായ അനീസ്, ജിജോ, സാം, ജിൻസൺ, പ്രവീൺ, വിഷ്ണു, രാഹുൽ എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.