KeralaNEWS

സര്‍ക്കാര്‍ ഇടപെട്ടു; കട്ടച്ചിറയില്‍ തകര്‍ത്ത കല്ലറകള്‍ പുനർനിർമ്മിച്ചു

ആലപ്പുഴ: കായംകുളം കട്ടച്ചിറ പള്ളിയില്‍ തകര്‍ത്ത യാക്കോബായക്കാരുടെ കല്ലറകള്‍ ഇന്നലെ പുനര്‍നിര്‍മിച്ചു.മാവേലിക്കര തഹസില്‍ദാരുടെയും ജില്ലാ പോലീസ്‌ മേധാവിയുടെയും ചെങ്ങന്നൂര്‍ ഡിവൈ.എസ്‌.പിയുടെയും നേതൃത്വത്തില്‍ ഇന്നലെ വൈകിട്ടോടെയാണ്‌ കല്ലറകള്‍ പുനഃസ്‌ഥാപിച്ചത്‌.

കൊച്ചുതറയില്‍ ലില്ലിക്കുട്ടി, മണ്ണൂര്‍വീട്ടില്‍ ഗീവര്‍ഗീസ്‌ കൊച്ചുകുട്ടി, വട്ടപ്പറമ്ബില്‍ പടീറ്റത്തില്‍ മറിയാമ്മ സാമുവല്‍ എന്നിവരുടെ കല്ലറകളാണ്‌ ഇന്നലെ പുനര്‍നിര്‍മിച്ചത്‌.

കഴിഞ്ഞ മാസം എട്ടിനാണ്‌ കല്ലറകള്‍ തകര്‍ത്തനിലയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ പോലീസില്‍ പരാതി നല്‍കി. പോലീസ്‌ സി.സി.ടിവി പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു. പിന്നാലെ, പ്രതികളെ അറസ്‌റ്റ്‌ ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ ഇടവകക്കാരുടെ നേതൃത്വത്തില്‍ പള്ളിക്ക്‌ മുന്നില്‍ അനിശ്‌ചിതകാല സമരം തുടങ്ങി.

Signature-ad

 സഭാനേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന്‌ ആലപ്പുഴ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ മാവേലിക്കര പോലീസ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന യോഗത്തില്‍ കല്ലറകള്‍ പുനഃസ്‌ഥാപിക്കാന്‍ തീരുമാനമെടുത്തു.

കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പും നല്‍കി. ഇതോടെ സമരം പിന്‍വലിച്ചു. ഒരുമാസമായിട്ടും നടപടികള്‍ ഉണ്ടാകാതെ വന്നതോടെ വീണ്ടും സമരത്തിന്‌ ആസൂത്രണം നടക്കുന്നതിനിടെയാണ്‌ ഇന്നലെ കല്ലറകള്‍ കെട്ടിപ്പൊക്കിയത്‌.

Back to top button
error: