റഫാ (ഈജിപ്ത്): യുദ്ധം കൊടുംദുരിതം വിതച്ച ഗാസയിലേക്ക് ആശ്വാസത്തിന്റെ കിരണങ്ങളുമായി ജീവകാരുണ്യ സഹായമെത്തി തുടങ്ങിയതായി റിപ്പോര്‍ട്ട്. സഹായവുമായി എത്തിയ ട്രക്കുകള്‍ ഈജിപ്തില്‍നിന്നു റഫാ അതിര്‍ത്തി വഴി ഗാസയിലേക്കു കടന്നു തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരും ഈജ്പിത് റെഡ് ക്രെസന്റ് അധികൃതരുമാണ് ഇക്കാര്യം അറിയിച്ചത്. മരുന്നുകളും അവശ്യവസ്തുക്കളുമായി നൂറുകണക്കിന് ട്രക്കുകളാണ് ഗാസയിലേക്കു പോകാന്‍ അതിര്‍ത്തിയില്‍ കാത്തുകിടക്കുന്നത്. ദിവസം 20 ട്രക്കുകള്‍ മാത്രമാവും ആദ്യം കടത്തിവിടുക.
48 മണിക്കൂറിനുള്ളില്‍ ട്രക്കുകള്‍ ഗാസയിലേക്കു പോകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇസ്രയേലും ഈജിപ്ത് പ്രസിഡന്റും ഇക്കാര്യത്തില്‍ സന്നദ്ധത അറിയിച്ചുവെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഇസ്രയേലും ഹമാസും തമ്മില്‍ യുദ്ധം തുടങ്ങി പതിനഞ്ചാം ദിവസമായ ഇന്ന് നിരവധി ട്രക്കുകള്‍ ഗാസയിലേക്കു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഈജിപ്ഷ്യന്‍ ടെലിവിഷന്‍ പുറത്തുവിട്ടു.
ട്രക്കുകള്‍ കടത്തിവിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് റഫാ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ”ഈ ട്രക്കുകള്‍ വെറും ട്രക്കുകളല്ല, ഗാസയിലെ ജനങ്ങള്‍ക്കു മരണത്തില്‍നിന്നു ജീവിതത്തിലേക്കുള്ള പിടിവള്ളിയാണ്” എന്നാണു ഗുട്ടെറസ് പറഞ്ഞത്. ”ഈ ട്രക്കുകള്‍ കടത്തിവിടാന്‍ അനുവദിക്കുക, എത്രയും വേഗം, എത്രയധികം പറ്റുമോ അത്രയുമധികം.” മരുഭൂമിയിലെ ചൂടിനെ അവഗണിച്ച് റഫാ അതിര്‍ത്തിയിലെത്തിയ ഗുട്ടെറസിനു മുന്നില്‍ ഈജിപ്തിലെ പ്രതിഷേധക്കാര്‍ പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളുയര്‍ത്തി.
ആദ്യഘട്ടമായി 20 ട്രക്കുകള്‍ കടത്തിവിടാനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നു യുഎസ് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സംഘര്‍ഷത്തിനു മുന്‍പ് പ്രതിദിനം അതിര്‍ത്തി കടന്നിരുന്നത് 450 ട്രക്കുകളാണ്. അതിനാല്‍തന്നെ 20 ട്രക്കുകള്‍ കടത്തിവിടാമെന്നു പറയുന്നത് ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനാണെന്നു ഹമാസ് പറയുന്നു. മുന്‍പ് ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള കെരെം ഷാലോം അതിര്‍ത്തി ക്രോസിങ് വഴിയും സഹായനീക്കം അനുവദിച്ചിരുന്നു. എന്നാല്‍ ഹമാസ് ബന്ദികളെ മോചിപ്പിക്കാതെ ഇത് അനുവദിക്കില്ലെന്നാണ് ഇപ്പോള്‍ ഇസ്രയേലിന്റെ നിലപാട്.