കൊല്ലം: ഇത്തവണ കൊല്ലം ലോക്‌സഭ മണ്ഡലം പിടിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് സിപിഎം. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. കെ പ്രേമചന്ദ്രന്‍ തന്നെയെന്ന് ഏറെകുറെ ഉറപ്പായതോടെ എംഎല്‍എമാരെ ഇറക്കിയുള്ള പരീക്ഷണമാണ് സിപിഎം ആലോചിക്കുന്നത്.
പാര്‍ട്ടിയുടെ ഉരുക്ക് കോട്ടയായ കൊല്ലത്തെ തുടര്‍ച്ചയായ തോല്‍വി വല്ലാത്തൊരു നീറ്റലാണ് സിപിഎമ്മിന്. പാര്‍ട്ടിയെ തോല്‍പ്പിക്കുന്നത് ആര്‍എസ്പിക്കാരന്‍ പ്രേമചന്ദ്രനാണെന്നത് വേദനയുടെ ആക്കം കൂട്ടുന്നു. പ്രേമചന്ദ്രനെ തളയ്ക്കാന്‍ ‘തലയെടുപ്പുള്ളൊരാളെ നെറ്റിപ്പട്ടം’ കെട്ടിയിറക്കാനാണ് സിപിഎം ആലോചിക്കുന്നത്. പക്ഷെ എം.എ ബേബിയും കെ.എന്‍ ബാലഗോപാലും അടിതെറ്റി വീണിടത്ത് ഇനിയാരെന്നതാണ് ചോദ്യം.
ഡസന്‍കണക്കിന് നേതാക്കളുണ്ടെങ്കിലും പറ്റിയ പോരാളിയെ കണ്ടെത്താന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. ഒടുവില്‍ ചര്‍ച്ചകള്‍ വഴിവയ്ക്കുന്നത് എംഎല്‍എമാരെ ഇറക്കിയുള്ള പരീക്ഷണത്തിലേക്ക്. പട്ടികയില്‍ കൊല്ലം എംഎല്‍എ എം മുകേഷും, ചവറ എംഎല്‍എ സുജിത് വിജയന്‍പിള്ളയും. മുകേഷിനെ ഇറക്കിയാല്‍ താരപരിവേഷം ലഭിക്കും. സുജിത്ത് വിജയന്‍ പിള്ളയെങ്കില്‍ കഴിഞ്ഞ തവണ പ്രേമചന്ദ്രന് ചവറയില്‍ മാത്രം കിട്ടിയ മുപ്പതിനായിരത്തിനടത്തുള്ള ഭൂരിപക്ഷത്തെ ഇല്ലാതാക്കാം. ഇതാണ് സിപിഎം കണക്കുകൂട്ടലുകള്‍.
രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് ജനപ്രീതിയുള്ള പ്രേമചന്ദ്രനെതിരെ ഇതേ നാണയത്തില്‍ നേരിടാന്‍ മറ്റൊരു പേര് കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷാ പേറ്റിയുടേതാണ്. കൊട്ടരക്കര, കൊല്ലം ലോക്‌സഭ മണ്ഡലത്തിലല്ലെങ്കിലും മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ഐഷാ പോറ്റി മണ്ഡലത്തിന് സുപരിചിതയാണ്. ഇനി യുവ പോരാളിയെങ്കില്‍ പരിഗണനയിലുള്ളത് ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്.ആര്‍ അരുണ്‍ബാബു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപനും സാധ്യത പട്ടികയിലുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് കണക്കില്‍ എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍. പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ കുണ്ടറയും കരുനാഗപ്പള്ളിയും ഒഴികെ എല്ലായിടത്തും ഇടത് എംഎല്‍എമാര്‍. ഇത് സിപിഎമ്മിന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.