തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ ക്രെയിന്‍ ബെര്‍ത്തില്‍ ഇറക്കി. ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണു കപ്പലില്‍നിന്നു ക്രെയിന്‍ ഇറക്കാനായത്. രാവിലെ നാലിന് ആരംഭിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ 5 മണിക്കൂറെടുത്തു. കപ്പലില്‍ നിന്നു കരയിലേക്കു സ്ഥാപിച്ച റെയിലിലൂടെ റെയില്‍ മൗണ്ടഡ് ഗാന്‍ട്രി (ആര്‍എംജി) ക്രെയിനാണ് ഇറക്കിയത്. കടലില്‍ തിരയടി അധികമില്ലാതിരുന്നതു ഗുണമായി. ടഗ്ഗുകള്‍ ഉപയോഗിച്ചാണു കപ്പല്‍ ഇളകാതെ നിര്‍ത്തിയത്.
ബെര്‍ത്തില്‍ ഇറക്കിയ ക്രെയിന്‍ റെയില്‍ മാര്‍ഗം തന്നെ 400 മീറ്റര്‍ അകലെയുള്ള യാഡില്‍ എത്തിച്ചു. മുംബൈയില്‍നിന്നെത്തിയ നൂറോളം പേരാണു ദൗത്യത്തില്‍ പങ്കാളികളായത്. കപ്പലിലെ 3 ജീവനക്കാരും പങ്കെടുത്തു. കാലാവസ്ഥ അനുകൂലമെങ്കില്‍ രണ്ടാമത്തെ ആര്‍എംജി ക്രെയിന്‍ ഇന്നിറക്കും. വലുപ്പമേറിയ ക്രെയിനാണ് അവസാനമിറക്കുക.
12നാണു കപ്പല്‍ ബെര്‍ത്തില്‍ എത്തിയത്. 15നു സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം വച്ചതോടെ ക്രെയിന്‍ ഇറക്കുന്നതു നീണ്ടു. ഇതിനുശേഷം കാലാവസ്ഥ വില്ലനായി. ദൗത്യത്തില്‍ പങ്കെടുക്കുന്നതിനു കപ്പലിലെ ജീവനക്കാര്‍ക്കു ബെര്‍ത്തില്‍ ഇറങ്ങാന്‍ ഫോറിനേഴ്സ് റീജനല്‍ റജിസ്ട്രേഷന് ഓഫിസ് (എഫ്ആര്‍ആര്‍ഒ) അനുമതി നല്‍കാതിരുന്നതോടെ വീണ്ടും നീണ്ടു.
19ന് അനുമതി ലഭിക്കുകയും ഇന്നലെ രാവിലെ കാലാവസ്ഥ അനുകൂലമാവുകയും ചെയ്തതോടെയാണു തടസ്സം നീങ്ങിയത്. ശേഷിക്കുന്ന ക്രെയിനുകള്‍ കൂടി ഇറക്കിയശേഷം 25നു കപ്പല്‍ മടങ്ങുമെന്നാണു വിവരം. തുറമുഖത്തെ സുരക്ഷ വര്‍ധിപ്പിച്ചു. കൂടുതല്‍ സിസിടിവി ക്യാമറകളും സജ്ജമാക്കി. ചൈനീസ് ക്രൂവിനു ബെര്‍ത്തില്‍ ഇറങ്ങാന്‍ പ്രത്യേക അനുമതി നല്കിയതിനാല്, എഫ്ആര്‍ആര്‍ഒ ഉദ്യോഗസ്ഥരും നിരീക്ഷണത്തിനുണ്ട്.