NEWSWorld

ഗാസ ചര്‍ച്ചിലെ കൂട്ടക്കൊല: ഇസ്രായേലിനെതിരെ ഓര്‍ത്തഡോക്സ് സഭ

ജറുസലേം: ഫലസ്തീനിലെ ഗാസയിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെയും കൂട്ടക്കൊലയെയും ജറുസലേമിലെ ഓര്‍ത്തഡോക്സ് സഭ ശക്തമായി അപലപിച്ചു.

ഗാസയുടെ സമീപ നഗരമായ അല്‍ സെയ്തൂനിലെ സെന്‍റ് പോര്‍ഫിറസ് ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Signature-ad

കഴിഞ്ഞ 13 ദിവസമായി ജനവാസ മേഖലകളില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ വഴിയാധാരമായവര്‍ക്ക് അഭയം നല്‍കുന്ന ചര്‍ച്ചുകളെയും ആശുപത്രികളെയും ഇസ്രായേല്‍ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ഓര്‍ത്തഡോക്സ് സഭ ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ ആക്രമണത്തില്‍ വീട് നഷ്ടപ്പെട്ട പൗരന്മാര്‍ക്ക് -പ്രത്യേകിച്ച്‌ നിരപരാധികളായ കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ക്ക്- അഭയം നല്‍കിയ സ്ഥാപനങ്ങളാണ് ഇവയെന്നും  സഭ പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേല്‍ സേന ആക്രമിക്കുന്ന വേളയില്‍ മുസ്‍ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള നിരവധി അഭയാര്‍ഥികള്‍ ചര്‍ച്ചിനകത്ത് ഉണ്ടായിരുന്നു.

‘ജറൂസലേമിലെ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കീഴിലുള്ള പള്ളികളും അഭയകേന്ദ്രങ്ങള്‍ അടക്കമുള്ള സൗകര്യങ്ങളും ജറുസലേം എപ്പിസ്‌കോപ്പല്‍ സഭയുടെ ആശുപത്രി, ദേവാലയം, സ്‌കൂളുകള്‍ എന്നിവയും ഉള്‍പ്പെടെ സഭയ്ക്ക്  കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന അക്രമം അംഗീകരിക്കാനാവില്ല. പൗരൻമാര്‍ക്ക് അഭയവും അടിയന്തര സഹായവും ഉള്‍പ്പെടെ മതപരവും സാമൂഹികവുമായ ബാധ്യത നിറവേറ്റുന്നതാണ് ഈ സ്ഥാപനങ്ങള്‍. ഇവ ഒഴിപ്പിക്കാൻ സഭകള്‍ക്ക് മേല്‍ ഇസ്രായേല്‍ ചെലുത്തുന്ന നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും സാമൂഹിക സേവനത്തില്‍ ഈ സ്ഥാപനങ്ങള്‍ വ്യാപൃതരാണ്. യുദ്ധവേളയിലായാലും സമാധാന കാലത്തായാലും ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച്‌ നിന്ന് മതപരവും മാനുഷികവുമായ കടമ തങ്ങള്‍ നിറവേറ്റും’ -സഭ പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു.

നൂറുകണക്കിനു ഫലസ്തീൻകാര്‍ക്ക് അഭയം നല്‍കുന്ന ഗാസ മുനമ്ബിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദേവാലയം ഒറ്റരാത്രികൊണ്ട് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നതായി സഭയും ഫലസ്തീൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.

എന്നാല്‍, തീവ്രവാദി കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പള്ളിയുടെ ഒരു ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതാണെന്നും സംഭവം അവലോകനം ചെയ്യുകയാണെന്നും ഇസ്രായേല്‍ പ്രതികരിച്ചു.അതേസമയം ബോംബ് ആക്രമണത്തില്‍ പള്ളി പൂര്‍ണമായും തകര്‍ന്നതായി ഫലസ്തീൻ ന്യൂസ് ഏജൻസി വഫ റിപ്പോര്‍ട്ട് ചെയ്തു.

Back to top button
error: