കാസർകോട്: അഞ്ച് കോടി രൂപ വായ്പ തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം നൽകി വീട്ടമ്മയില്‍ നിന്ന് 38 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബന്തടുക്ക ഏണിയാടി ഓലിക്കപതാലില്‍ വീട്ടില്‍ റഷീദിന്റെ ഭാര്യ നസീമയുടെ (41) പരാതിയിലാണ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്.
കേസിനാസ്പദമായ സംഭവം നടന്നത് 2018 സെപ്റ്റംബര്‍ ആദ്യവാരം മുതലാണ്. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സോളി ജോസഫ് (52), ജോസൂട്ടി മാത്യു (55), കൊല്ലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷീബ (46) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശ പ്രകാരം ബേഡകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 409, 420, 34 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ബാങ്കില്‍ നിന്നും 5 കോടി രൂപ വായ്പ തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ചാണ് ബാങ്ക് ഇടപാട് വഴി തവണകളായി 38 ലക്ഷം രൂപ തട്ടിയതെന്നും പിന്നീട് വായ്പ നല്‍കാതെയും കൈപ്പറ്റിയ പണം തിരിച്ചുതരാതെയും ചതിയില്‍ പെടുത്തി വഞ്ചിച്ചു എന്നുമാണ് പരാതി. ബേഡകം എസ്.ഐ എന്‍ ഗംഗാധരന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.