ഓണ്‍ലൈന്‍ ഗെയിമായ ‘ഡ്രീം 11’ കളിച്ച് ഒറ്റരാത്രികൊണ്ട് കോടീശ്വരനായ സബ് ഇന്‍സ്‌പെക്ടര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് അധികൃതര്‍. ഉദ്യോഗസ്ഥനെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം.
പിംപ്രി ചിഞ്ച് വാഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സോംനാഥ് ജിന്ദേയ്ക്കെതിരേയാണ് നടപടി. മോശം പെരുമാറ്റവും പൊലീസ് വകുപ്പിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് സസ്പെന്‍ഡ് ചെയ്തത്.
ഓണ്‍ലൈന്‍ ഫാന്റസി ക്രിക്കറ്റ് പ്ലാറ്റ്‌ഫോമായ ‘ഡ്രീം-11’ കളിച്ച് സോംനാഥ് ജിന്ദേ ഏകദേശം ഒന്നരകോടി രൂപയാണ് നേടിയത്. ഈ വാര്‍ത്ത അതിവേഗം പ്രചരിച്ചിരുന്നു. വൈകാതെ ഉദ്യോഗസ്ഥന് കിട്ടിയ സൗഭാഗ്യത്തില്‍ വാര്‍ത്ത ചാനലുകള്‍ അദ്ദേഹത്തെ അഭിമുഖം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.
പൊലീസ് യൂണിഫോം ധരിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നും അനുമതിയില്ലാതെ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചുവെന്നുമാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്ന മറ്റു പൊലീസുകാര്‍ക്കുള്ള താക്കീതാണ് ഇതെന്നും ഡിസിപി അറിയിച്ചു.