NEWSSports

വീണ്ടും അട്ടിമറി; ദക്ഷിണാഫ്രിക്കയുടെ വിജയങ്ങൾക്ക് തടയിട്ട് നെതർലൻഡ്സ്

ധര്‍മശാല: ഐസിസി ഏകദിന ലോകകപ്പില്‍ വീണ്ടുമൊരു അട്ടിമറി. രണ്ടു  തുടര്‍ ജയങ്ങളുമായി കുതിച്ച സൗത്താഫ്രിക്കയ്ക്കു നെതര്‍ലാന്‍ഡ്‌സാണ് അപ്രതീക്ഷിത ഷോക്ക് നല്‍കിയത്.
ദിവസങ്ങള്‍ക്കു മുമ്ബ് നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്താന്‍ അട്ടിമറിച്ചിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുമ്ബാണ് ഡച്ച്‌ വിപ്ലവം സംഭവിച്ചിരിക്കുന്നത്. രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷം ടൂര്‍ണമെന്റിലെ ആദ്യ വിജയം കൂടിയാണ് അവര്‍ നേടിയത്. സൗത്താഫ്രിക്കയെ ഡച്ച്‌ ടീം 38 റണ്‍സിനു വീഴ്ത്തുകയായിരുന്നു.
ഇതു രണ്ടാം തവണയാണ് സൗത്താഫ്രിക്കയെ നെതര്‍ലാന്‍ഡ്‌സ് അട്ടിമറിച്ചത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസി ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലും സൗത്താഫ്രിക്കയെ അവര്‍ വീഴ്ത്തിയിരുന്നു.
മഴ കാരണം 43 ഓവറുകളാക്കി വെട്ടിക്കുറച്ച മല്‍സരത്തില്‍ 246 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു സൗത്താഫ്രിക്കയ്ക്കു ഡച്ച്‌ ടീം നല്‍കിയത്. പക്ഷെ ശക്തമായ ബാറ്റിങ് നിരയുള്ള സൗത്താഫ്രിക്ക ഡച്ച്‌ ബൗളിങ് ആക്രമണത്തില്‍ പതറി. നാലു വിക്കറ്റിനു 44 റണ്‍സിലേക്കും ആറു വിക്കറ്റിനു 109 റണ്‍സിലേക്കും കൂപ്പുകുത്തിയ അവര്‍ക്കു പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു. ഒടുവില്‍ ഒരു ബോള്‍ ബാക്കിനില്‍ക്കെ 207 റണ്‍സിനു സൗത്താഫ്രിക്ക കീഴടങ്ങി.
നേരത്തേ നെതര്‍ലാന്‍ഡ്‌സ് എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 43 ഓവറില്‍ 245 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയത്തിയത്. വാലറ്റത്ത് ഇന്ത്യന്‍ വംശജനായ ആര്യന്‍ ദത്തിന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സ് നെതര്‍ലാന്‍ഡ്‌സിനെ 245 വരെയെത്തിക്കുന്നതില്‍ നിര്‍ണായകമായി മാറി. വെറും ഒമ്ബതു ബോളില്‍ പുറത്താവാതെ 22 റണ്‍സാണ് താരം വാരിക്കൂട്ടിയത്.
ക്യാപ്റ്റൻ സ്‌കോട്ട് എഡ്വാര്‍ഡ്‌സാണ് നെതര്‍ലാന്‍ഡ്‌സിന്റെ ഹീറോയായത്. ഏഴാം നമ്ബറില്‍ ഇറങ്ങിയ അദ്ദേഹം പുറത്താവാതെ 78 റണ്‍സുമായി ടീമിന്റെ നെടുംതൂണായി മാറി. 69 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സലില്‍ 10 ഫോറുകളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

Back to top button
error: