LIFEMovie

കിരീടത്തില്‍ കൈയൂക്കിന്‍റെ ബലത്തില്‍ വിശ്വസിക്കുന്ന നിഷ്ഠൂരനെങ്കിലും ചെങ്കോലിലെത്തുമ്പോള്‍ അയാള്‍ ഒരു ഫിലോസഫറാണ്

ത് അഭിനേതാക്കൾക്കും കരിയറിൽ എപ്പോഴെങ്കിലും വീണുകിട്ടുന്ന ചില കഥാപാത്രങ്ങളുണ്ട്. മറ്റനവധി വേഷങ്ങൾ ചെയ്തവരെങ്കിലും അവർ എക്കാലവും ഓർമ്മിക്കപ്പെടുന്നത് അത്തരം കഥാപാത്രങ്ങളിലൂടെയാവും. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കിരീടത്തിലെയും അതിൻറെ തുടർച്ചയായ ചെങ്കോലിലെയും പരമേശ്വരനെപ്പോലെ അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തിയ മറ്റൊരു കഥാപാത്രമില്ല.

മനുഷ്യൻറെ ഉള്ളറിയുന്ന ലോഹിതദാസിൻറെ തൂലികയിൽ ജന്മമെടുത്തവരായിരുന്നു കിരീടത്തിലെ കഥാപാത്രങ്ങളൊക്കെയും. ഒക്കെയും ഉള്ളുള്ളവർ. അത് ശങ്കരാടി അവതരിപ്പിച്ച കൃഷ്ണൻ നായരെപ്പോലെ സാത്വികഭാവമുള്ളവരാണെങ്കിലും മോഹൻരാജിൻറെ കീരിക്കാടൻ ജോസിനെപ്പോലെ ഡാർഡ് ഷെയ്ഡ് ഉള്ളവരാണെങ്കിലും. കിരീടത്തിലും ചെങ്കോലിലുമായി വലിയ ക്യാരക്റ്റർ ആർക്കുകളാണ് ലോഹിതദാസ് സൃഷ്ടിച്ചത്. അച്ഛൻറെ ആഗ്രഹപ്രകാരം എസ്ഐ ആവാൻ നടക്കുന്ന നിഷ്കളങ്കനായ സേതുമാധവൻ ഒരു തെരുവ് ഗുണ്ടയായി മാറുന്നതിനൊപ്പം മറ്റ് കഥാപാത്രങ്ങൾക്കും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. കിരീടത്തിലെ വില്ലൻ കഥാപാത്രങ്ങളിൽ കുണ്ടറ ജോണിയുടെ പരമേശ്വരനോളം മാറ്റത്തിന് വിധേയനായ മറ്റൊരാൾ ഇല്ല.

Signature-ad

കിരീടത്തിൽ കൈയൂക്കിൻറെ ബലത്തിൽ വിശ്വസിക്കുന്ന നിഷ്ഠൂരനെങ്കിൽ ചെങ്കോലിലെത്തുമ്പോൾ അയാൾ പഴയകാല ജീവിതത്തിൻറെ നിരർഥകതയെക്കുറിച്ച് ഓർക്കുന്നയാളാണ്. ജീവിതത്തോട് മൊത്തത്തിൽ നിസ്സംഗത പുലർത്തുന്ന മനുഷ്യൻ. ജീവിതം വഴിമുട്ടിയ സേതുമാധവന് മീൻ കച്ചവടം തുടങ്ങാൻ സൈക്കിൾ വാടകയ്ക്ക് നൽകുന്നതും അയാൾ തന്നെ. കിരീട് ചിത്രീകരണം തുടങ്ങി പറഞ്ഞതിൽ നിന്നും രണ്ട് ദിവസം വൈകിയാണ് കീരിക്കാടനെ അവതരിപ്പിച്ച മോഹൻരാജ് ലൊക്കേഷനിൽ എത്തിയത്. ഒരുവേള ജോണിയെക്കൊണ്ട് കീരിക്കാടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാലോയെന്ന് സിബി മലയിൽ ആലോചിച്ചതാണ്. എന്നാൽ പരമേശ്വരനായി ജോണിയുടെ ചില സീനുകൾ അതിനകം എടുത്തിരുന്നതുകൊണ്ടും അതിലെ അദ്ദേഹത്തിൻറെ പ്രകടനം ബോധ്യമായതിനാലും സിബി അത് വേണ്ടെന്നുവച്ചു.

അക്കാലത്തെ പല മലയാള ചിത്രങ്ങളെയുംപോലെ പരിമിതമായ സാഹചര്യങ്ങളിൽ, സമയത്തിൻറെ സമ്മർദ്ദത്തിൽ ഒക്കെയായിരുന്നു കിരീടവും ചിത്രീകരണം പൂർക്കിയാക്കിയത്. ചിത്രത്തിലെ മോഹൻലാലിൻറെ സേതുമാധവനും തൻറെ പരമേശ്വരനും തമ്മിലുള്ള പ്രധാന സംഘട്ടന രംഗത്തിൻറെ ചിത്രീകരണത്തെക്കുറിച്ച് കുണ്ടറ ജോണി പിന്നീട് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയത്തോട് ചേർന്ന് മൃഗാവശിഷ്ടങ്ങൾ തള്ളുന്ന, കാട് കയറിയ സ്ഥലത്തായിരുന്നു ചിത്രീകരണം. ലൊക്കേഷൻറെ ഭംഗിയും നിഗൂഢതയും കൊണ്ടാണ് സിബി ആ സ്ഥലം തെരഞ്ഞെടുത്തത്.

എന്നാൽ ഇറച്ചി വേസ്റ്റ് തള്ളുന്ന സ്ഥലമാണെന്ന് ചിത്രീകരണം തുടങ്ങിയ ശേഷമാണ് മനസിലായത്. എന്ത് പറയുന്നുവെന്ന് സിബി മോഹൻലാലിനോടും മോഹൻലാൽ ജോണിയോടും ചോദിച്ചു. തനിക്ക് കുഴപ്പമില്ലെങ്കിൽ എനിക്കും കുഴപ്പമില്ലെന്ന് മോഹൻലാലിനോട് ജോണിയുടെ മറുപടി. രാവിലെ തുടങ്ങിയ ചിത്രീകരണം ഉച്ച കഴിയും വരെ നീണ്ടു. അഴുക്കിൽ കുളിഞ്ഞ തങ്ങൾ പിന്നീട് ഡെറ്റോളിലാണ് കുളിച്ചതെന്ന് ജോണി പറഞ്ഞിട്ടുണ്ട്. കിരീടത്തിൻറെ തമിഴ്, തെലുങ്ക് റീമേക്കുകളിലും ഇതേ വേഷം ചെയ്തത് കുണ്ടറ ജോണി തന്നെ ആയിരുന്നു. ഇപ്പറഞ്ഞ രംഗം തമിഴിൽ നാല് ദിവസം കൊണ്ടും തെലുങ്കിൽ ആറ് ദിവസം കൊണ്ടുമാണ് ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Back to top button
error: