KeralaNEWS

65-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് തിരിതെളിഞ്ഞു; ആദ്യ സ്വർണം കണ്ണൂരിന്

തൃശൂര്‍: 65-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്  ട്രാക്കുണർന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തോടെയാണ് മത്സരം തുടങ്ങിയത്.ആദ്യ സ്വർണം കണ്ണൂരിനാണ്.

ജൂനിയർ ഗേൾസ് 3000 മീറ്റർ ഓട്ടത്തിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ സ്വർണം നേടിയത്. 11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്. കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥിനി അശ്വിനി ആർ നായർ വെള്ളി നേടി.

ഇന്ന് 21 ഇനങ്ങളിലാണ് ഫൈനല്‍. നാലെ ഗുണം 100 മീറ്റര്‍ റിലെ, 400 മീറ്റര്‍ ഓട്ടം തുടങ്ങിയ ഇനങ്ങളുടെ ആദ്യ റൗണ്ടും ഇന്നാണ്.കുന്നംകുളം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ സ്റ്റേഡിയമാണ് 65-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് വേദിയാകുന്നത്.

Signature-ad

പുത്തൻ താരങ്ങളും പുതിയ വേഗവും കുന്നംകുളത്തെ ഗ്രൗണ്ടില്‍ പിറക്കും. 98 ഇനങ്ങളിലായി മൂവായിരത്തിലധികം കുട്ടികള്‍ ആറ് വിഭാഗങ്ങളിലായി കായികമേളയില്‍ മാറ്റുരയ്ക്കും. കഴിഞ്ഞതവണ സംഘടിപ്പിച്ചതുപോലെ ഇത്തവണയും പകലും രാത്രിയുമായിട്ടാണ് കായികോത്സവം. ദേശീയ സ്കൂള്‍ മത്സരങ്ങള്‍ അടുത്ത മാസവും ദേശീയ ഗെയിംസ് ഈ മാസം 25 മുതല്‍ ഗോവയില്‍ നടക്കുന്നത് കൊണ്ടുമാണ് കായികോത്സവം ഇക്കുറി നേരത്തെ നടത്താൻ സര്‍ക്കാര്‍ തീരുമാനിച്ചത്.

 

ഇരുപതാം തീയതി വൈകിട്ടാണ് സമാപന സമ്മേളനവും സമ്മാനദാനവും. ജില്ലയിലെ 15ലധികം സ്കൂളുകളിലാണ് കുട്ടികള്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.കായി കോത്സവത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ജില്ലയ്ക്ക് 2,20,000 രൂപയാണ് സമ്മാനം. രണ്ടാമതെത്തുന്ന ജില്ലയ്ക്ക് 1,65,000 രൂപയും മൂന്നാം സ്ഥാനത്തിന് 1,10,000 രൂപയും നല്‍കും. ഗ്രൗണ്ടില്‍ അത്യാധുനിക സംവിധാനത്തോടെ മെഡിക്കല്‍ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

Back to top button
error: