ഐഫോണിനോടുള്ള ആളുകളുടെ അമിതമായ ഭ്രമം തുടരുന്നതിനിടയിൽ ഒരു ചാക്ക് നാണയങ്ങളുമായി എത്തിയ ‘യാചകൻ’ ആപ്പിള്‍ ഐഫോണ്‍ സ്വന്തമാക്കിയ വാർത്ത തരംഗമായി.
രാജസ്താനിലെ ജോധ്പുരിലാണ് സംഭവം. ‘എക്‌സ്‌പെറിമെന്റ് കിംഗ്’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയപ്പെടുന്ന ഒരു ഡിജിറ്റല്‍ ക്രിയേറ്ററായ ദീപക് ആണ് ഐഫോണ്‍ 15 വാങ്ങാനായി യാചകവേഷത്തില്‍ എത്തിയത്. ഈ ഡിജിറ്റല്‍ ക്രിയേറ്ററുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.
ഭിക്ഷാടകര്‍ ഉയര്‍ന്ന നിലവാരമുള്ള സ്മാര്‍ട് ഫോണുകള്‍ വാങ്ങാന്‍ താല്പര്യം കാണിക്കാറില്ലെന്നുള്ള പൊതുവിശ്വാസത്തെ അപ്പാടെ തെറ്റിച്ചുകൊണ്ട് കടയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഉപഭോക്താക്കളെയും സാക്ഷിയാക്കി യുവാവ് തന്റെ കൈവശമുണ്ടായിരുന്ന ഒരു ചാക്ക് നാണയം കടയുടമയ്ക്ക് നല്‍കി. അത് ജീവനക്കാരെ എണ്ണിത്തിട്ടപ്പെടുത്താന്‍ ഏല്‍പിച്ചു. തുടര്‍ന്ന് യാതൊരു മടിയും കൂടാതെ തന്റെ മുന്‍പില്‍ നിന്ന യാചകന് കടയുടമ ജിതന്‍ ഹസാനി ആപ്പിള്‍ ഐഫോണ്‍ 15 നല്‍കി.
സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം 40 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഒരു യാചകന്‍ ഉയര്‍ന്ന വിലയുള്ള ഫോണ്‍ വാങ്ങുന്നത് കണ്ട് ചിലര്‍ അമ്പരന്നപ്പോള്‍, മറ്റുള്ളവര്‍ ഈ രംഗം സ്‌ക്രിപ്റ്റഡ് ആണെന്ന് തിരിച്ചറിഞ്ഞു.
യഥാര്‍ഥത്തില്‍ സ്‌ക്രിപ്റ്റഡായി ചെയ്ത ഒരു വീഡിയോ ആയിരുന്നു ഇതെങ്കിലും വളരെ വേഗത്തില്‍ കാഴ്ചക്കാരിലേക്ക് എത്താനും ട്രെന്‍ഡിങ്ങില്‍ വരാനും ഈ വീഡിയോയ്ക്ക് കഴിഞ്ഞു. അതേസമയം തന്നെ യാചകവേഷത്തില്‍ ഇയാള്‍ എത്തിയതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്
ഐഫോൺ ആളുകൾക്കിടയിൽ ആദേശം ഉയർത്തിയിരിക്കുന്നു. മുംബൈയിലെ ആപിള്‍ സ്റ്റോറിന് പുറത്ത് ഐഫോണ്‍ ആരാധകര്‍ ക്യൂ നില്‍ക്കുന്നതായാണ് റിപ്പോർട്ടുകള്‍. മാത്രമല്ല, അടുത്തിടെ, ഡെല്‍ഹിയിലെ കമല നഗറിൽ ഉപഭോക്താക്കളും സ്റ്റോര്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും വരെ ഉണ്ടായി. ഐഫോണ്‍ 15 ഡെലിവറി വൈകിയെന്നാരോപിച്ചാണ് സ്റ്റോര്‍ ജീവനക്കാരെ ആളുകള്‍ മര്‍ദ്ദിച്ചത്.
ഇത്തരം വാര്‍ത്തകള്‍ക്കിടയിലാണ് ദീപക് എന്നഡിജിറ്റല്‍ ക്രിയേറ്ററുടെ ഫാൻസിഡ്രസ്.