തൊടുപ്പുഴ: മൂന്നാർ ദൗത്യവുമായി ബന്ധപ്പെട്ട് പോർ വിളിക്കൊടുവിൽ എം എം മണിയും കെ കെ ശിവരാമനും കൈ കോർത്തു. ഇടുക്കി ചെറുതോണിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകിയ സ്വീകരണത്തിന് ശേഷമാണ് കൈ പിടിച്ച് കുശലം ഇരുവരും എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനും പങ്കെടുത്ത പരിപാടിക്കുശേഷമാണ് ഇരുവര്‍ക്കുമിടയിലെ അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന് ഒന്നിച്ച് വേദിയില്‍നിന്ന് കൈപിടിച്ചിറങ്ങിയത്.
സമ്മേളനം ആരംഭിച്ചതുമുതല്‍ അവസാനിക്കുന്നതുവരെ എം.എം മണി എം.എല്‍.എയും സിപിഐ മുന്‍ ജില്ല സെക്രട്ടറി കെ കെ ശിവരാമനും സ്റ്റേജിൽ രണ്ടറ്റത്തായിരുന്നു ഇരുന്നത്. മൂന്നാർ ദൗത്യ സംഘത്തെക്കുറിച്ച് സി പി എം നിലപാടിനെ തള്ളിയും പരിഹസിച്ചും ശിവരാമൻ ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. കടുത്ത വിയോജിപ്പ് അറിയിച്ച് എം എം മണി പ്രതികരിച്ചതുമൊക്കെ വലിയ വാർത്തയായിരുന്നു. മൂന്നാര്‍ ദൗത്യവുമായി ബന്ധപ്പെട്ട് കയ്യേറ്റം ഒഴിപ്പിക്കണമെന്ന നിലപാടില്‍ സിപിഐയും കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ഇടുക്കിയിലെ സിപിഎം നേതാക്കളും രംഗത്തെത്തിയോടെയാണ് ഇരു നേതാക്കളും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയത്. ആരോപണങ്ങളില്‍ ഇരുവരും വിശദീകരണം നല്‍കിയിരുന്നെങ്കിലും കയ്യേറ്റ വിഷയത്തിലെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. വിവാദങ്ങള്‍ക്കുശേഷം രണ്ടു പേരും ആദ്യമായി ഒന്നിച്ച് പങ്കെടുക്കുന്ന വേദിയായിരുന്നു ചെറുതോണിയിലേത്. രണ്ടറ്റത്ത് ഇരിപ്പുറപ്പിച്ചവർ ചടങ്ങ് കഴിഞ്ഞ് വന്നത് ഒന്നിച്ചായിരുന്നു.
വേദിയില്‍നിന്ന് കെ.കെ.ശിവരാമന്‍റെ കൈപിടിച്ചാണ് എം.എം. മണി മുമ്പിലായി ഇറങ്ങിവന്നത്. തുടര്‍ന്ന് ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയും ചെയ്തു. ഞങ്ങള്‍ തമ്മില്‍ മുമ്പും പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു എം.എം. മണിയുടെ മറുപടി. ഇവിടെയുള്ള പ്രശ്നങ്ങളൊക്കെ തന്നെയെയുള്ളു അതില്‍ കുറെയൊക്കെ പരിഹരിച്ചുവെന്നും. ഇനി ബാക്കി പിന്നാലെ പാക്കലാം എന്നും എം.എം മണി പറഞ്ഞു. മണിയാശാന്‍ പറഞ്ഞതുപോലെ തന്നെ കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു കെ.കെ. ശിവരാമന്‍റെ പ്രതികരണം.പൊട്ടിച്ചിരിയോടെയാണ് ഇരുവരും പിരിഞ്ഞതെങ്കിലും നിലപാടുള്ള നേതാക്കളായതിനാല്‍ മൂന്നാര്‍ ദൗത്യം വീണ്ടും നടന്നാല്‍ ഇരുവരുടെയും പ്രതികരണങ്ങള്‍ എന്തായിരിക്കുമെന്ന് കണ്ടറിയണം.