സഞ്ചിയില്‍ കോഴിയിറച്ചിയുമായി ബസില്‍ കയറിയ യാത്രക്കാരനെ ബസോടെ ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത് നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട് വാളിലാണ് സംഭവം. സുരേഷ് എന്നയാള്‍ തുംബെയില്‍ നിന്ന് കർണാടക ട്രാൻസ്പോർട്ട് ബസില്‍ കയറി. ബസ് കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാന്‍ വന്നപ്പോള്‍ സുരേഷിന്റെ കയ്യില്‍ ഒരു സഞ്ചിയുണ്ടായിരുന്നു. കണ്ടക്ടര്‍ കാര്യം തിരക്കി.
കോഴിയിറച്ചിയാണെന്ന് യാത്രക്കാരന് പറഞ്ഞപ്പോള്‍ ബസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ബസില്‍ കോഴിയിറച്ചി കൊണ്ടുപോകാന്‍ അനുവാദമില്ലെന്ന് ബസ് ജീവനക്കാര്‍ വാദിച്ചെങ്കിലും ഇതറിയാത്ത സുരേഷ് ബസില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. കണ്ടക്ടര്‍ മോശം ഭാഷയില്‍ യാത്രക്കാരനെ അധിക്ഷേപിച്ചു. അയാൾ ബസില്‍ നിന്ന് ഇറങ്ങാത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ യാത്രക്കാരുമായി ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
ബസില്‍ മാംസവും മീനും കൊണ്ടുപോകാന്‍ അനുവദിച്ചില്ലെങ്കില്‍ സാധാരണക്കാര്‍ എങ്ങനെ കൊണ്ടുപോകുമെന്ന് സുരേഷ് ചോദിച്ചു. അതേസമയം, കോഴിയിറച്ചി, മീന്‍ എന്നിവ ബസില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നും ജീവജാലങ്ങള്‍ കൊണ്ടുവരാമെന്നും കെഎസ്ആര്‍ടിസി ബണ്ട് വാള് ഡിവിഷണല്‍ ഓഫീസര്‍ ശ്രീഷ ഭട്ട് വിശദീകരിച്ചു. മാംസം മണക്കുന്നതിനാല്‍ മറ്റ് യാത്രക്കാരെ അസ്വസ്ഥരാക്കുന്നുവെന്നും ഇതുസംബന്ധിച്ച് നഗരസഭ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷിന് ഇക്കാര്യം അറിയാത്തതിനാല്‍ പൊലീസ് ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിക്കുകയായിരുന്നു.