കൊല്ലം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് സൈഡ് കൊടുകൊടുത്തില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ വിട്ടയച്ചു. ഹോണ്‍മുഴക്കിയിട്ടും വാഹനത്തിന് സൈഡ് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് മൂക-ബധിരരായ അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പിന്നീട് രാത്രി ഒന്നരയോടെ അധ്യപകനൊപ്പം വിട്ടയച്ചു.
തിരുവനന്തപുരം നിഷിലാണ് ഇവര്‍ പഠിക്കുന്നത്. അന്യസംസ്ഥാനത്തിന് നിന്നും കേരളത്തില്‍ വന്ന് പഠിക്കുന്ന വിദ്യാര്‍ഥികളാണ് അഞ്ച് പേരും. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. അടൂരിലെ പരുപാടിയില്‍ പങ്കെടുത്ത് ചടയമംഗലത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് ഇടുക്കിയില്‍ പൊതുപരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയുടെ വാഹവ്യൂഹം ഇതുവഴി വന്നത്.
പൈലറ്റ് വാഹനം ആവര്‍ത്തിച്ച് ഹോണടിച്ചിട്ടും യുവാക്കള്‍ സഞ്ചരിച്ച കാര്‍ സൈഡ് ഒതുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഇവരെ ചടയമംഗലം പൊലീസെത്തി കസ്റ്റഡിയിലെടുത്ത്. ചടയമംഗലം സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ഇവര്‍ ഭിന്നശേഷിക്കാരാണെന്ന് വ്യക്തമായത്. ഇതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെടുകയും കേസെടുക്കാതെ വിട്ടയയ്ക്കുകയുമായിരുന്നു. രാത്രിയില്‍ ശക്തമായ മഴ ഉണ്ടായിരുന്നതിനാല്‍ യുവാക്കള്‍ വാഹനമോടിച്ച് പോകുന്നത് അപകടം ഉണ്ടാക്കാനുളള സാധ്യത ഉള്ളതിനാല്‍ ഉത്തരവാദിത്തമുള്ളവര്‍ക്കൊപ്പം വിട്ടയയ്ക്കാനാണ് ഇവരെ സ്റ്റേഷനില്‍ സൂക്ഷിച്ചതെന്നാണ് പൊലീസ് പറയുന്നത്.