റാന്നി: ഇന്നലെ പെയ്ത
കനത്ത മഴയിൽ റാന്നി ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പുനലൂർ- മൂവാറ്റുപുഴ ഈസ്റ്റേൺ ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു.
കുതിച്ചെത്തിയ മല വെള്ളപ്പാച്ചിലിൽ ചെത്തോങ്കര, കക്കുടുമൺ, അങ്ങാടി എന്നീ വലിയ തോടുകൾ കരകവിഞ്ഞൊഴുകുകയായിരുന്നു.ഇതോടെ തോടിനോടു ചേർന്ന വീടുകളും കടകളും മുങ്ങി. പുനലൂർ മുവാറ്റുപുഴ പാതയിൽ രണ്ടിടത്ത് മണ്ണിടിച്ചിലുമുണ്ടായി.
2 മണിക്കൂർ നീണ്ടുനിന്ന മഴയിൽ തോടുകളും നീർച്ചാലുകളും നിറഞ്ഞൊഴുകുകയായിരുന്നു. ചെല്ലക്കാട് മുതൽ ചെത്തോങ്കര വരെയുള്ള റോഡിലും ചെല്ലക്കാട് നിന്ന് കൈതവനപടി വഴി സ്റ്റോറും പടിയിലെത്തുന്ന റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
പുനലൂർ-മൂവാറ്റുപുഴ പാതയിൽ മന്ദമരുതിക്കും ചെല്ലക്കാടിനും മധ്യേ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. ഉയർന്ന കട്ടിങ്ങിൽ നിന്നിരുന്ന റബർ മരങ്ങളടക്കമാണ് റോഡിലേക്ക് പിഴുതു വീണത്. ചെത്താങ്കര വലിയതോട് കര കവിഞ്ഞതോടെ റാന്നി ടൗണും മുങ്ങി.പുനലൂർ-മൂവാറ്റുപുഴ പാതയിൽ മക്കപ്പുഴ മുതൽ മന്ദമരുതി വരെ ഓട കരകവിഞ്ഞ് സമീപ വീടുകളിലെല്ലാം വെള്ളം കയറി റോഡിൽനിന്ന് വീടുകളിലേക്കും മുറ്റങ്ങളിലേക്കും വെള്ളം കുത്തി യൊലിക്കുകയായിരുന്നു. മുക്കം -ഇടമൺ അത്തിക്കയം പാതയോടു ചേർന്ന തോമ്പിക്കണ്ടത്ത് ഒട്ടുമിക്ക വീടുകളിലും വെള്ളം കയറി. തേയിലപ്പുര പടി വരെയുള്ള വീടുകളിലാണ് വെള്ളം കയറിയത്.
അങ്ങാടിയിൽ വലിയതോട് കര കവിഞ്ഞ് ചെട്ടിമുക്ക് വലിയകാവ് റോ ഡിൽ പുള്ളോലി ഭാഗത്തും അത്തിക്കയം റോഡിൽ കക്കുടുമൺ ഭാഗത്തും റോഡിൽ വെള്ളം കയറി. റാന്നി എസ്സി ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡിലും വെള്ളം കയറി.ഇതോടെ റാന്നി ടൗൺ വഴിയുള്ള ഗതാഗതവും മണിക്കൂറുകളോളം സ്തംഭിച്ചു.