ഗാന്ധിനഗർ: യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരേ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് നട്ടാശ്ശേരി ഉണ്ണിമേസ്തരിപ്പടി ഭാഗത്ത് ഒറ്റപ്ലാക്കൽ വീട്ടിൽ വാവച്ചൻ എന്ന് വിളിക്കുന്ന ശ്രീദേവ് (23), പെരുമ്പായിക്കാട് പാറമ്പുഴ ലക്ഷംവീട് കോളനി ഭാഗത്ത് വട്ടമുകൾ വീട്ടിൽ കെനസ്. കെ.വി (18), പെരുമ്പായിക്കാട് പാറമ്പുഴ ലക്ഷംവീട് കോളനി ഭാഗത്ത് വട്ടമുകൾ വീട്ടിൽ കുഞ്ഞുമോൻ.പി.(47) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേർന്ന് കഴിഞ്ഞദിവസം പാറമ്പുഴ സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
യുവാവ് മയക്കുമരുന്നിനെതിരെ പോസ്റ്റർ ഒട്ടിച്ചതിലുള്ള വിരോധം മൂലമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചത് മാടപ്പള്ളി സ്വദേശിയായ കൃഷ്ണകുമാർ ആണെന്ന് കണ്ടെത്തുകയും, ഇയാളെ ആലപ്പുഴയിൽ നിന്നും പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിലാണ് മുഖ്യ പ്രതികളായ ഇവരെ കലവൂരിൽ നിന്നും പിടികുടുന്നത്.
ഇവരില്‍ ഒരാളായ ശ്രീദേവിന് ഗാന്ധിനഗർ, മേലുകാവ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, വധശ്രമം, പിടിച്ചുപറി, ആംസ് ആക്ട്, കഞ്ചാവ് കൈവശം വയ്ക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളും , കെനസിന് ഗാന്ധിനഗർ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളും, കുഞ്ഞുമോന് ആലപ്പുഴ ജില്ലയിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ മനോജ് പി.പി, സി.പി.ഓ മാരായ പ്രേംകുമാർ, വിജയലാൽ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.