“ഹിറ്റ്ലർ ഒരു ജൂതനായിരുന്നെങ്കിൽ നെതന്യാഹു എന്നാകുമായിരുന്നു പേര്. നെതന്യാഹുവിനെ വിമർശിച്ചു കൊണ്ടുള്ള ഒരു കാർട്ടൂണിലെ വാചകങ്ങളാണ്.
ഒരു മത വിഭാഗം എന്ന നിലയിൽ വംശീയ വിദ്വേഷത്തിന്റേയും ഫാഷിസത്തിന്റേയും ഏറ്റവും വലിയ ഇരകളായ ജൂത മതത്തിൽ നിന്ന് തന്നെ അതേ വംശീയതയുടെ മറ്റൊരു ഫാഷിസ്റ്റ് പ്രത്യയ ശാസ്ത്രമായ സയണിസം ശക്തി പ്രാപിച്ചു എന്നതാണ് വലിയ ഐറണി.
യുദ്ധങ്ങളിൽ പോലും നിരോധിക്കപ്പെട്ട മാരക രാസായുധമായ വൈറ്റ് ഫോസ്ഫറസ് ഗാസയിലും ലെബനനിലും ഇസ്രയേൽ ഉപയോഗിച്ചു എന്നാണ് ഹ്യമൺ റൈറ്റ് വാച്ച് പറയുന്നത്. ഗാസയിൽ മാത്രം അര ലക്ഷത്തിലധികം ഗർഭിണികൾ ആവശ്യമായ മെഡിക്കൽ സേവനങ്ങൾ ലഭിക്കാതെ കിടക്കുകയാണെന്ന് ഐക്യ രാഷ്ട്ര സഭ പോലും പറയുന്നു. എന്നിട്ടും നമ്മുടെ പൊതു ബോധത്തിൽ ആർക്കാണ് ഐക്യദാർഢ്യം മുഴുവൻ ലഭിക്കുന്നത് എന്ന് നോക്കണം.
ഐക്യരാഷ്ട്ര സഭയുടേയും ആഗോള രാഷ്ട്ര സമൂഹത്തിന്റേയും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഇസ്രയേൽ എന്ന രാജ്യം ഇന്നത്തെ നിലയിലായതും അമേരിക്ക അങ്ങനെ അവരെ ആക്കിയതും. എല്ലാവിധ മാനദണ്ഡങ്ങളും മറന്ന് ജെറുസലേം ഇസ്രയേൽ തലസ്ഥാനം പോലുമായി ഡോണാൾഡ് ട്രംമ്പിന്റെ കാലത്ത് അമേരിക്ക അംഗീകരിച്ചു. യുദ്ധം തുടങ്ങി എന്ന് കേൾക്കുമ്പോഴേക്കും അമേരിക്കൻ ആയുധ വ്യാപാര കമ്പനികളുടെ സ്റ്റോക്ക് റേറ്റ് കുതിച്ച് ഉയരുകയാണ്. പത്ത് ഡോളർ അധികം കിട്ടുമെന്ന് വന്നാൽ ആറ്റം ബോംബ് പോലും അവറ്റകൾ കച്ചവടം ചെയ്യും.
കോൺഗ്രസ് – ബിജെപി അനുഭാവികളായ നാട്ടിലെ ഭൂരിപക്ഷം ക്രിസ്ത്യൻ മത വിശ്വാസികളും ഇസ്രയേൽ അനുകൂലരായാണ് കാണപ്പെടുന്നത്.ക്രിസ്ത്യാനി കൾക്ക് ക്രിസ്തു ജനിച്ച നാടെന്നതിനാൽ ഇസ്രായേൽ പ്രദേശങ്ങളോടുള്ള വൈകാരികമായ അടുപ്പം മനസ്സിലാക്കാം.രസമെന്തെന്നാൽ പരസ്യമായി തന്നെ ക്രിസ്ത്യൻ വിരുദ്ധതയും, വിദ്വേഷവും, ക്രിസ്ത്യാനികൾക്ക് നേരെ ശാരീരിക ആക്രമണവും നടക്കുന്ന സ്ഥലമാണ് ഇന്ത്യ. ആ ഗവൺമെന്റാണ് ഇന്ന് ഇസ്രായേലിന് സപ്പോർട്ടുമായി രംഗത്തെത്തിയിരിക്കുന്നത്.
ബിജെപി ഇസ്രയേലിനെ പിന്തുണക്കും. അപ്പുറം മുസ്ലീം ഭൂരിപക്ഷം നില നിൽക്കുമ്പോൾ അങ്ങനെയൊരു തീരുമാനമെടുത്തില്ലെങ്കിൽ പിന്നെയവർ സംഘിയല്ല.എന്നാൽ കേരളത്തിലെ കോൺഗ്രസിനെ നോക്കൂ. മുസ്ലീം നാമധാരികളായ കുറച്ചു പേര് സോഷ്യൽ മീഡിയയിൽ കിടന്ന് കരയുകയല്ലാതെ ആർക്കേലും എന്തേലും പ്രശ്നമുണ്ടോ.
സി.പി.ഐ.എമ്മിന്റെ മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി മുതൽ സകല നേതാക്കളും അണികളും വിഷയത്തിൽ എന്നത്തേയും പോലെ ഫലസ്‌തീൻ അനുകൂല നിലപാട് സ്വീകരിച്ചു.എന്നാൽ കോൺഗ്രസ് പാർടി
ഈ വിഷയത്തിൽ ക മാ എന്നൊരക്ഷരം മിണ്ടുന്നുണ്ടോ? മിണ്ടിയ കുറച്ചു പേരെ നോക്കൂ, എക്കോണമിക്സ് ടൈംസ് മലയാളത്തിലാക്കി പോസ്റ്റിടുന്ന കൊങ്ങി ബുദ്ധി ജീവി പറഞ്ഞത് ‘ഇസ്രയേലിന് ലോകം മുഴുവൻ നിന്നും പിന്തുണ ലഭിക്കുമ്പോൾ ഫലസ്തീന്റെ കൂടെ ക്ലച്ചൂരിയും കുണ്ടറ അണ്ടി അപ്പീസും’ മറ്റോ ഉള്ളൂ എന്നോ മറ്റോ ആണ്. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം ഇലക്കും മുള്ളിനും കേടില്ലാതെ എന്തോ ഒന്ന് പറഞ്ഞ പോലെയാക്കിയിട്ടുണ്ട്. ഫലസ്‌തീൻ – ഇസ്രയേൽ വിഷയത്തിൽ അനാവവശ്യ പോസ്റ്റുകൾ ഇടരുത് എന്നാണത്രെ ഐടി സെൽ നിർദ്ദേശം.
കോൺഗ്രസ് ഭരിക്കുന്ന കർണ്ണാടകയിൽ ഫലസ്‌തീൻ അനുകൂല ചിത്രം പങ്കുവച്ച ഒരു തലേൽകെട്ടുകാരൻ പയ്യനെ കരുതൽ തടങ്കലിൽ വച്ചിട്ടുണ്ടെന്ന വാർത്ത കണ്ടു. ആ വാർത്തയുടെ താഴെ പോയി നോക്കണം സാക്ഷര കേരളത്തിന്റെ തനി കൊണം കാണണമെങ്കിൽ. കർണ്ണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ നല്ല ഭാവിക്കായി ലീഗുകാരെല്ലാം ദുആ ചെയ്യണം.
പി.കെ ശ്രീകാന്ത്