ക്വലാലംപൂർ: ഇന്ത്യൻ ഫുട്ബോള്‍ ടീം മെര്‍ദേക കപ്പില്‍ നിന്ന് പുറത്ത്. സെമി ഫൈനലില്‍ ആതിഥേയരായ മലേഷ്യയെ നേരിട്ട ഇന്ത്യ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്.ഫൈനലില്‍ മലേഷ്യ തജാകിസ്താനെ നേരിടും.
മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ ഡിയോണ്‍ കൂള്‍സിലൂടെയാണ് മലേഷ്യ ലീഡ് എടുത്തത്.ഇതിന് ഇന്ത്യ അഞ്ചു മിനുട്ടുകള്‍ക്കകം മറുപടി നല്‍കി. മഹേഷ് സിംഗിന്റെ ഒരു ഗംഭീര വോളി ആയിരുന്നു ഇന്ത്യക്ക് സമനില നല്‍കിയത്. സഹല്‍ അബ്ദുല്‍ സമദിന്റെ ഒരു മനോഹരമായ ഫ്ലിക്ക് പാസ് ആണ് മഹേഷിന് ഈ അവസരം ഒരുക്കിയത്. ആ സമനില പക്ഷെ അധിക നേരം നീണ്ടു നിന്നില്ല.
20ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയിലൂടെ ഐമൻ മലേഷ്യക്ക് വീണ്ടും ലീഡ് നല്‍കി. 42ആം മിനുട്ടില്‍ ഫൈസല്‍ ഹലിം മലേഷ്യയുടെ സ്കോര്‍ 3-1 എന്നാക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇന്ത്യൻ ക്യാപ്റ്റൻ ഛേത്രി ഒരു ഗോള്‍ മടക്കിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. സ്കോര്‍ 3-2. 61ആം മിനുട്ടില്‍ വീണ്ടും മലേഷ്യ ഗോള്‍ നേടിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.