തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ അങ്കമാലി- എരുമേലി- തിരുവനന്തപുരം ശബരി റെയിൽപ്പാതയുടെ പ്രസക്തി ഒന്നുകൂടി വർധിച്ചു.
പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായ മേഖലയെയും പൈനാപ്പിൾ സിറ്റിയായ വാഴക്കുളത്തെയും തൊടുപുഴയിലെ കിൻഫ്രാ സ്‌പൈസസ് പാർക്കിനെയും കോതമംഗലം-നെല്ലിക്കുഴിയിലെ ഫർണിച്ചർ ക്ലസ്റ്ററിനെയും മുവാറ്റുപുഴ- നെല്ലാടിലെ കിൻഫ്രാ ഫുഡ് പാർക്കിനെയും പുതിയ റെയിൽ കോറിഡോർ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നതു വ്യവസായ കേന്ദ്രങ്ങളുടെയും തുറമുഖത്തിന്റെയും വികസനത്തിന് സഹായമാകും.
കിഴക്കൻ മേഖലയിൽനിന്നുള്ള കാർഷിക ഉൽപന്നങ്ങളായ ഏലം, കുരുമുളക്, റബർ, ഗ്രാമ്പൂ, തുടങ്ങിയവ ദേശിയ-രാജ്യാന്തര വിപണികളിൽ എത്തിക്കാനും തുറമുഖവും സമാന്തര റെയിൽവേ ഇടനാഴിയും സഹായകരമാകും.
വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിച്ച് അങ്കമാലി- എരുമേലി ശബരി റെയിൽപാത ബാലരാമപുരത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റെയിൽവേ മന്ത്രി, വ്യവസായ, ടൂറിസം മന്ത്രിമാർ എന്നിവർക്കു ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ നിവേദനം നൽകിയിട്ടുണ്ട്.
വിഴിഞ്ഞത്തു നിന്നുള്ള റെയിൽ പാത ബാലരാമപുരത്താണു പ്രധാന പാതയുമായി കൂടിച്ചേരുന്നത്.