NEWSPravasi

കുവൈത്തിലെ ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്! ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികള്‍ നടത്തരുതെന്ന് ഇന്ത്യന്‍ എംബസി; എല്ലാ ഇന്ത്യന്‍ അസോസിയേഷനുകളും ബാധകം; കാരണം ഇതാണ്…

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികൾ നടത്തരുതെന്ന് അറിയിപ്പ് നൽകി ഇന്ത്യൻ എംബസി. കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷമാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് എംബസി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. എല്ലാ ഇന്ത്യൻ അസോസിയേഷനുകളും ഇത് പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് എല്ലാ ആഘോഷ പരിപാടികളും നിർത്തിവെക്കാൻ കുവൈത്ത് സർക്കാർ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ അസോസിയേഷനുകൾ ഇത്തരം പരിപാടികൾ മാറ്റിവെക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചത്. സംഗീതം, നൃത്തം തുടങ്ങിയ ഏതെങ്കിലും ഉൾപ്പെടുന്ന ആഘോഷങ്ങളോ പരിപാടികളോ കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടാകുന്നത് വരെ നടത്തേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ ഇന്ത്യൻ അസോസിയേഷനുകളും ഇത്തരം പരിപാടികൾ അനുയോജ്യമായ തീയതിയിലേക്ക് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് എംബസി വ്യക്തമാക്കി.

Signature-ad

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നേരത്തെ കുവൈത്ത് ടവറുകളിൽ പലസ്തീൻ പതാകകൾ ഉയർന്നിരുന്നു. ഗാസയിലും പലസ്തീൻ നഗരങ്ങളിലും നടന്ന അധിനിവേശത്തിലും നടത്തിയ ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് കുവൈത്ത് ടവറുകളിൽ പലസ്തീൻ പതാകകൾ ഉയർന്നത്. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് പൂർണ്ണ പിന്തുണയാണ് കുവൈത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. അറബ്, അന്താരാഷ്ട്ര വേദികളിൽ ഈ വിഷയം ഉയർത്തിപ്പിടിക്കുമെന്നും കുവൈത്ത് വ്യക്തമാക്കി.

പലസ്തീനെതിരായ ഇസ്രയേൽ ആക്രമണങ്ങൾ അവസാനിപ്പിക്കാനും പലസ്തീൻ ജനതയെ സംരക്ഷിക്കാനും കുവൈത്ത് ആഹ്വാനം ചെയ്തിരുന്നു. വിഷയത്തിൽ ഇടപെടാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ, അന്താരാഷ്ട്ര സമൂഹം എന്നിവയോട് ആഹ്വാനം ചെയ്യുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

അക്രമം തടയാതെ തുടരുന്നത് സമാധാനം സ്ഥാപിക്കാനുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള ഒത്തുതീർപ്പ് ലക്ഷ്യമാക്കിയുള്ള ശ്രമങ്ങളെ അപകടത്തിലാക്കുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിൽ പലസ്തീൻ ജനതയുടെ പക്ഷത്ത് നിലകൊള്ളുന്ന കുവൈത്ത് ഭരണകൂടത്തിന്റെ നിലപാടും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Back to top button
error: