LocalNEWS

വിവാഹശേഷം ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശ്നങ്ങള്‍ തുടങ്ങുന്നു; യുവജനങ്ങള്‍ക്കിടയില്‍ വിവാഹ പൂര്‍വ കൗണ്‍സിലിങ്ങിന്റെ അനിവാര്യത വര്‍ധിച്ചുവരുന്നു: വനിത കമ്മീഷന്‍

എറണാകുളം: യുവജനങ്ങൾക്കിടയിൽ വിവാഹ പൂർവ കൗൺസിലിങ്ങിന്റെ അനിവാര്യത വർധിച്ചുവരികയാണെന്ന് വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച വനിത കമ്മിഷൻ ജില്ലാതല അദാലത്തിലെ ആദ്യ ദിവസത്തെ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷൻ അധ്യക്ഷ. വിവാഹപൂർവ കൗൺസിലിങ്ങിന്റെ അനിവാര്യത വ്യക്തമാക്കുന്നതാണ് കമ്മിഷനു മുന്നിൽ വന്നിട്ടുള്ള പരാതികളിൽ ഏറെയും.

വിവാഹം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഇരുവരും കൗൺസിലിങ്ങിന് വിധേയമായിട്ടുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം വനിത കമ്മിഷൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. വിവാഹശേഷം ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുകയാണെന്നാണ് പരാതികളിൽ നിന്നും വ്യക്തമാകുന്നത്. ഇത്തരത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് കൗൺസിലിങ് നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വനിതാ കമ്മിഷന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ സ്ഥിരമായി കൗൺസിലിങ്ങിനുള്ള സംവിധാനമുണ്ട്. എറണാകുളത്തെ റീജിയണൽ ഓഫീസിലും കൗൺസിലറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വനിതാ കമ്മിഷൻ പ്രതിമാസ സിറ്റിങ്ങിൽ കൗൺസിലർ മുഖേന പ്രശ്‌നങ്ങൾ പരിഹരിക്കുന്നുണ്ടെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

Signature-ad

വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാൻ വിമുഖത കാട്ടുന്ന മക്കൾക്കെതിരെ നിരവധി പരാതികളാണ് കമ്മീഷൻ മുൻപാകെ ലഭിക്കുന്നത്. സിനിമ ഷൂട്ടിങ്ങിനിടെ വൈദ്യുതാഘാതമേറ്റ് പരുക്കേറ്റ സ്ത്രീക്ക് തുടർ ചികിത്സ ആവശ്യമായി വന്നതു സംബന്ധിച്ച പരാതിയിൽ ചികിത്സാ ചെലവുകൾ നിർമ്മാതാവ് വഹിക്കണമെന്ന തീരുമാനത്തിൽ പ്രശ്‌നം പരിഹരിച്ചു. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വഞ്ചിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു എന്ന പരാതിയിൽ എതിർകക്ഷി തട്ടിയെടുത്ത പണം കമ്മീഷന് മുൻപാകെ തിരികെ നൽകി.

സ്ത്രീകൾക്കെതിരെ തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അതത് തൊഴിലിടങ്ങളിൽ തന്നെ പരിഹരിക്കാൻ സൗകര്യമൊരുക്കണമെന്ന് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. അതിനാൽ ആഭ്യന്തര പരാതി പരിഹാരത്തിലൂടെ പ്രശ്‌നങ്ങൾ ഒരു പരിധിവരെ ഒത്തുതീർപ്പാക്കുന്നുണ്ടെന്ന് വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

അദാലത്തിന്റെ ആദ്യ ദിവസം 59 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 15 എണ്ണം തീർപ്പാക്കി. നാലു പരാതികളിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. ബാക്കിയുള്ളത് അടുത്ത അദാലത്തിലേക്കു മാറ്റി. അദാലത്ത് വെള്ളിയാഴ്ച്ചയും തുടരും. വനിത കമ്മീഷൻ മെമ്പർമാരായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി എന്നിവരും പരാതികൾ പരിഗണിച്ചു. ഡയറക്ടർ ഷാജി സുഗുണൻ, വനിതാ കമ്മിഷൻ കൗൺസിലർ ടി.എം. പ്രമോദ്, ആൽബിറ്റ മേരി അവറാച്ചൻ, കൊച്ചി സിറ്റി വനിതാ സെൽ എഎസ്‌ഐ ടി.നിഷ മോൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: