കണ്ണൂർ: ഉളിക്കൽ ടൗണിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമം കനത്ത മഴയിൽ നിർത്തിവെച്ചു. കാട്ടാനയെ രാത്രിയോടെ തുരത്തുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ഇരുട്ടായാൽ കാട്ടാനയെ എളുപ്പത്തില്‍ കാടുകയറ്റാന്‍ സാധിക്കുമെന്നും വനം വകുപ്പ് റേഞ്ച് ഓഫീസർ രതീഷ് പറഞ്ഞു. ആന ജനവാസമേഖലയിൽ തുടരുകയാണ്. പുറത്തിറങ്ങരുതെന്ന് നാട്ടുകാർക്ക് വനംവകുപ്പ് മുന്നറിയിപ്പ് നല്കി.
നിരവധി തവണ പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമിച്ചെങ്കിലും വയത്തൂരിലുള്ള ജനവാസ മേഖലയിലെ ഒരു കശുമാവിന് തോട്ടത്തിലാണ് കാട്ടാന നിലയുറപ്പിച്ചിരിക്കുകയാണ്. ഇതിനിടെ, ഉളിക്കൽ ടൗണിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടിയും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഉളിക്കലിലെ വയത്തൂര് ജനവാസ മേഖലയിലാണ് കാട്ടാനയിപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. കാട്ടാനയെ പകല്‍ കാട്ടിലേക്ക് തുരത്തുക ബുദ്ധിമുട്ടാണെന്നാണ് വനംവകുപ്പ് പറയുന്നത്. ആന ഓടിക്കൊണ്ടിരിക്കുന്ന സ്ഥലത്ത് വനംവകുപ്പും നിരീക്ഷണം നടത്തുന്നുണ്ട്.
കാട്ടാനയിറങ്ങിയതിനെത്തുടര്‍ന്ന് ഉളിക്കലിലെ കടകൾ അടയ്ക്കാൻ അധികൃതര്‍ നിർദേശം നല്‍കിയിട്ടുണ്ട്. വയത്തൂർ വില്ലേജിലെ അംഗന്‍വാടികള്‍ക്കും സ്കൂളുകൾക്കും അവധിയും നല്കി. ഉളിക്കലിലെ 9 മുതൽ 14 വരെയുള്ള വാർഡുകളില്‍ തൊഴിലുറപ്പ് ജോലിയും നിർത്തിവച്ചു.