LIFEMovie

സിനിമയിലെത്തി അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കാനൊരുങ്ങുന്ന സ്റ്റെൽമന്ന​ന്റെ ആദ്യകാല പ്രതിഫലം എത്രയെന്ന് അറിയാമോ ?

ന്ത്യൻ സിനിമയിൽത്തന്നെ രജനികാന്ത് എന്ന ജനപ്രിയ പ്രതിഭാസത്തിന് പകരം വെക്കാൻ മറ്റൊരാളില്ല. സിനിമയിലെത്തി അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കാനൊരുങ്ങുമ്പോഴും തമിഴ് സിനിമാപ്രേമികളുടെ സ്നേഹാദരങ്ങളോടെയുള്ള തലൈവർ എന്ന വിളിക്കോ അദ്ദേഹത്തിൻറെ സിനിമകൾ നേടുന്ന കളക്ഷനോ കുറവൊന്നുമില്ല. താരമൂല്യവും ബോക്സ് ഓഫീസ് വിജയത്തിലെ വർധനവുമനുസരിച്ച് ഇക്കാലയളവിൽ രജനികാന്തിൻറെ പ്രതിഫലത്തിലും വലിയ ഉയർച്ച ഉണ്ടായിട്ടുണ്ട്. ഏറ്റവുമൊടുവിൽ പുറത്തെത്തി വൻ വിജയം നേടിയ ജയിലറിൽ അദ്ദേഹത്തിൻറെ പ്രതിഫലം 110 കോടി ആണെന്നായിരുന്നു റിപ്പോർട്ടുകൾ. ചിത്രം നേടിയ വൻ വിജയത്തെത്തുടർന്ന് നിർമ്മാതാവ് കലാനിധി മാരൻ മറ്റൊരു 100 കോടി കൂടി അദ്ദേഹത്തിന് നൽകിയതായും റിപ്പോർട്ടുകൾ എത്തിയിരുന്നു. അതേസമയം കരിയറിൻറെ തുടക്കകാലത്ത് തൻറെ താരമൂല്യത്തെക്കുറിച്ച് വലിയ ധാരണയുള്ള ആളായിരുന്നില്ല രജനികാന്ത്.

കമൽ ഹാസൻ നായകനായ അപൂർവ്വ സഹോദരങ്ങളിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച രജനികാന്ത് ആദ്യകാലത്ത് മറ്റ് നായകന്മാരോടൊപ്പമാണ് ബിഗ് സ്ക്രീനിൽ എത്തിയത്. 1977 ൽ പുറത്തെത്തിയ തെലുങ്ക് ചിത്രം ചിലകമ്മാ ചെപ്പിണ്ടിയിലൂടെയാണ് നായകനായുള്ള രജനിയുടെ അരങ്ങേറ്റം. കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത മലയാള ചിത്രം അടിമകളുടെ റീമേക്ക് ആയിരുന്നു ഇത്. 78 ൻറെ പകുതിയോടെ രജനിയെ നായകനാക്കിയും ചിത്രങ്ങൾ എത്തിത്തുടങ്ങി. അവയിൽ മിക്കതും സാമ്പത്തിക വിജയങ്ങളുമായിരുന്നു. എന്നാൽ ഒരു നവാഗതൻ എന്ന നിലയിൽ മറ്റ് പല പ്രശസ്തരെയും പോലെ പരമാവധി ചിത്രങ്ങളിൽ അഭിനയിക്കുക എന്നതായിരുന്നു രജനിയുടെയും ലക്ഷ്യം. പ്രതിഫലക്കാര്യം അദ്ദേഹം കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ആ സമയത്ത് 30,000 രൂപയാണ് ഒരു ചിത്രത്തിന് അദ്ദേഹം വാങ്ങിയിരുന്നത്. തമിഴിലെ പ്രമുഖ സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ പഞ്ചു അരുണാചലമാണ് രജനിയെ ഇക്കാര്യത്തിൽ തിരുത്തിയത്.

Signature-ad

രജനി തന്നെ പിൽക്കാലത്ത് ഒരു അഭിമുഖത്തിൽ അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്- “സിംഗപ്പൂരും മലേഷ്യയും ലൊക്കേഷൻ ഉണ്ടായിരുന്ന ഒരു ചിത്രത്തിലേക്ക് എന്നെ വിളിക്കുമ്പോൾ പഞ്ചു സാറിനോട് ഞാൻ പറഞ്ഞു. ഞാൻ 30,000 രൂപയാണ് ഒരു സിനിമയ്ക്ക് നിലവിൽ വാങ്ങുന്നത്. ഇത് വിദേശത്ത് ചിത്രീകരിക്കുന്ന സിനിമ ആയതിനാൽ അതിൽ കൂടുതൽ വേണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ആശ്ചര്യത്തോടെയായിരുന്നു പഞ്ചു സാറിൻറെ പ്രതികരണം. നീ എന്നേക്കാൾ മോശമാണ് ഈ കാര്യത്തിൽ. വെറും 30,000 രൂപയാണോ ഒരു സിനിമയ്ക്ക് വാങ്ങുന്നത്? നിൻറെ സിനിമ ബോക്സ് ഓഫീസിൽ ഉണ്ടാക്കുന്ന ബിസിനസ് എത്രയാണെന്ന് അറിയാമോ? വിതരണക്കാരും തിയറ്ററുകാരും നിൻറെ സിനിമയ്ക്കുവേണ്ടി മത്സരിക്കുകയാണെന്ന് അറിയാമോ? ഇതൊന്നും നിനക്ക് പറഞ്ഞുതരാൻ ആരുമില്ലേ”?, പഞ്ചു അരുണാചലം രജനികാന്തിനോട് പറഞ്ഞു.

വെറും വാക്ക് മാത്രമായിരുന്നില്ല അത്. രജനികാന്തിൻറെ പ്രതിഫലം കാര്യമായി കൂടിയ അടുത്ത ചിത്രം പഞ്ചു അരുണാചലം തിരക്കഥാകൃത്തായ 1978 ചിത്രം പ്രിയ ആയിരുന്നു. 1.10 ലക്ഷമാണ് പ്രിയയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതിന് രജനികാന്തിന് ലഭിച്ചത്. ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തത് എസ് പി മുത്തുരാമൻ ആയിരുന്നു. അതേസമയം ജയിലറിന് ശേഷം രജനി നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി ജെ ജ്ഞാനവേൽ ആണ്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്താണ് ആരംഭിച്ചിരിക്കുന്നത്. ജയിലറിൽ വിനായകനും മോഹൻലാലും അടക്കം മലയാളത്തിൽ നിന്ന് സാന്നിധ്യമായിരുന്നുവെങ്കിൽ പുതിയ ചിത്രത്തിൽ മഞ്ജു വാര്യരും ഫഹദ് ഫാസിലുമുണ്ട്. അമിതാഭ് ബച്ചൻ, റാണ ദഗുബാട്ടി, റിതിക സിംഗ്, ദുഷറ വിജയൻ തുടങ്ങി പാൻ ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള കാസ്റ്റിംഗ് ആണ് ചിത്രത്തിൻറേത്.

Back to top button
error: