
മുംബൈ: ഈ വര്‍ഷം ആദ്യം മുതല്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ കൂടി വരികയാണ്. രാജ്യത്ത് നിരവധി പേര്‍ക്കാണ് വിവിധ തട്ടിപ്പുകളിലൂടെ പണം നഷ്ടമായിരിക്കുന്നത്. ഇതില്‍ തന്നെ പലര്‍ക്കും പണം നഷ്ടമായത് പാര്‍ട്ട് ടൈം ജോലി വാഗ്ദാനത്തില്‍ പെട്ടാണ്. തട്ടിപ്പുകാര്‍ ഇരയുടെ വിശ്വാസം തേടുന്നത് പുതിയ ജോലി വാഗ്ദാനം ചെയ്‌തോ എന്തെങ്കിലും ചെയ്യാന്‍ സഹായിക്കുന്നതിലൂടെയോ ആണ്. സമാനമായ ഒരു സംഭവത്തിലൂടെയാണ് പൂണെയില്‍ നിന്നുള്ള ഒരു സ്ത്രീക്ക് 11 ലക്ഷം രൂപ നഷ്ടമായത്.
തന്റെ ബാങ്ക് അക്കൗണ്ടിന്റെ ഓണ്‍ലൈന്‍ സ്റ്റേറ്റ്‌മെന്റ് ലഭിക്കാന്‍ സഹായം തേടാന്‍ ശ്രമിച്ചാണ് യുവതിക്ക് പണം നഷ്ടപ്പെട്ടത്. പൊതുമേഖലാ ബാങ്കില്‍ അക്കൗണ്ടുള്ള സ്ത്രീ ജൂലൈ 28ന് ബാങ്കിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ബാങ്ക് അക്കൗണ്ടിന്റെ ഓണ്‍ലൈന്‍ സ്റ്റേറ്റ്മെന്റ് എടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് യുവതി ഓണ്‍ലൈനില്‍ .ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തിരയുകയും ലഭിച്ച നമ്പറില്‍ ബന്ധപ്പെടുകയും ചെയ്തു. റിമോട്ട് ആക്സസ് സോഫ്റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്താല്‍ സഹായിക്കാമെന്ന് യുവതിയുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്ത വ്യക്തി പറഞ്ഞു. ഓണ്‍ലൈന്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് ലഭിക്കുന്നതിന് ആ വ്യക്തിക്ക് തന്നെ സഹായിക്കാനാകുമെന്ന് വിശ്വസിച്ച്, അയാളുടെ നിര്‍ദ്ദേശപ്രകാരം ഒരു റിമോട്ട് ആക്സസ് സോഫ്റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്തു, കൂടാതെ തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഫോണില്‍ അപരിചിതനുമായി പങ്കുവെക്കുകയും ചെയ്തു.
ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിച്ച് ബാങ്ക് സ്റ്റേറ്റ്മെന്റ് ലഭിക്കാന്‍ ശ്രമിക്കണമെന്ന് തട്ടിപ്പുകാര്‍ അവളോട് ആവശ്യപ്പെട്ടു. അല്‍പ സമയത്തിന് ശേഷം ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 11 ലക്ഷം രൂപ പിന്‍വലിച്ചതായി യുവതി മനസിലാക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.






