ജറുസലം: ഓപ്പറേഷന് അല്‍അഖ്സ ഫ്ലസ് എന്ന പേരില്‍ പലസ്തീന് ഭീകരസംഘടന ഹമാസ് നടത്തിയ മിന്നാലാക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 350 കടന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ഹമാസ് സംഘം തട്ടിക്കൊണ്ടു പോകുന്നതിന്റെയും ബന്ദികളാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ, മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദാരുണമായ ഒരു സംഭവത്തിന്റെ വിശദാംശങ്ങളും ഇസ്രയേലില്‍നിന്നു പുറത്തുവന്നു.
യുവതിയുടെ മൃതദേഹവുമായി ഹമാസ് സംഘം നടത്തിയ പരേഡിനിടെ, അതു സ്വന്തം മകളാണെന്നു തിരിച്ചറിഞ്ഞ് ഹൃദയം തകര്‍ന്ന ഒരു അമ്മയാണ് ലോകത്തിന്റെയാകെ നൊമ്പരക്കാഴ്ചയായത്. മൃതദേഹത്തിന്റെ കാലിലെ ടാറ്റൂ കണ്ടാണ്, അതു മകളുടെ മൃതദേഹമാണെന്ന് ആ അമ്മ തിരിച്ചറിഞ്ഞത്. ടാറ്റൂ കലാകാരിയും ഇസ്രയേല്ജര്മന് പൗരയുമായ ഷാനി ലൂക്ക് (30) ആണ് ഹമാസ് ആക്രമണത്തില്‍ മരിച്ചത്. ഒരു പിക്കപ്പ് ട്രക്കിന്റെ പിന്നില്‍ ഷാനി ലൂക്കിന്റെ മൃതദേഹവും വഹിച്ച് ഹമാസ് സംഘം പരേഡ് നടത്തുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടാണ് ഷാനിയുടെ അമ്മ റിക്കാര്‍ഡ, തന്റെ മകളുടെ മരണവാര്‍ത്ത അറിയുന്നത്.
പലസ്തീന് ഇസ്രയേല്‍ അതിര്‍ത്തിക്കടുത്ത് നടന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനാണ് ഷാനി ലൂക് ഇവിടെയെത്തിയത്. എന്നാല്‍, ശനിയാഴ്ച ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ഷാനി അടക്കം നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമായത്. അതില്‍ ചിലരുടെ മൃതദേഹങ്ങളുമായി ഹമാസ് പരേഡ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ്, ഷാനിയുടെ മരണവാര്‍ത്ത പുറംലോകം അറിയുന്നത്. അര്‍ധനഗ്നമായ യുവതിയുടെ മൃതദേഹത്തില്‍ ഹമാസിന്റെ ആളുകള്‍ ചവിട്ടുന്നതും തുപ്പുന്നതും ദൃശ്യങ്ങളിലുണ്ട്. മൃതദേഹം ഇസ്രയേല്‍ സൈന്യത്തിലെ വനിതയുടേതാണെന്ന് അവകാശപ്പെട്ടായിരുന്നു മൃതദേഹത്തോടും ഹമാസ് സംഘത്തിന്റെ ക്രൂരത.
അതിനിടെ, മകളുടെ മൃതദേഹമെങ്കിലും തിരികെ നല്‍കണമെന്ന് അപേക്ഷിച്ച് റിക്കാര്‍ഡ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചു. ”
ഇന്നു രാവിലെ എന്റെ മകള്‍ ഷാനി ലൂക്കിനെ തെക്കന്‍ ഇസ്രയേലില്‍നിന്ന് ഹമാസ് സംഘം തട്ടിക്കൊണ്ടുപോയി. പലസ്തീനികള്‍ക്കൊപ്പം അവള് കാറില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. അവളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഞങ്ങളെ അറിയിക്കണം.” മൊബൈല്‍ ഫോണില്‍ ഷാനിയുടെ ചിത്രം കാണിച്ച് റിക്കാര്‍ഡ പറഞ്ഞു.