ജയ്പൂർ: രാജസ്ഥാനിൽ സഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ചതിനെത്തുടർന്ന് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ജീവനൊടുക്കി. പ്രതാപ്ഗഡ് ജില്ലയിലെ ഘണ്ടാലി മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനികളും ബന്ധുക്കളുമായ 16 വയസുള്ള പെൺകുട്ടികളാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. ബന്ധുക്കളായ പെൺകുട്ടികൾ ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. ഇവരെ ഇതേ ക്ലാസിലെ നാല് ആൺകുട്ടികൾ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
പീഡിപ്പിക്കപ്പെട്ടതിലും പ്രതികളുടെ ഭീഷണിയിലും മനം നൊന്താണ് പെൺകുട്ടികൾ ജീവനൊടുക്കിയതെന്ന് ഘണ്ടാലി പൊലീസ് എസ്എച്ച്ഒ സോഹൻ ലാൽ പറഞ്ഞു. സംഭവത്തിൽ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഒളിവിലാണെന്നും ഇയാളെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ പിതാവിൻറെ പരാതിയിൽ പ്രതികളായ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളായ നാല് ആൺകുട്ടികൾക്കെതിരെ പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനുമടക്കം പൊലീസ് കേസ് എടുത്തിട്ടുണ്ട്. പെൺകുട്ടികൾ ആത്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെ ഒരു പ്രതി നാടുവിട്ടുവെന്നും ഇയാളെ ഉടനെ പിടികൂടുമെന്നും വിഷം കഴിച്ച് മരിച്ച പെൺകുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും എസ് എച്ച് ഒ ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവത്തിൽ രാജസ്ഥാൻ സർക്കാരിനെതിരെ ബിജെപി അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനത്ത് ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്നും വിദ്യാർത്ഥിനികൾ പോലും അക്രമിക്കപ്പെടുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സിപി ജോഷി എംപി ആരോപിച്ചു. സർക്കാർ ഭരണം ദുർബലവും അഴിമതി നിറഞ്ഞതുമാണ്. പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും സിപി ജോഷി കുറ്റപ്പെടുത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)