SportsTRENDING

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യ നാട്ടിലേക്ക് മടങ്ങുന്നത് എക്കാലത്തേയും മികച്ച മെഡല്‍ വേട്ടയുമായി

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ തലയുയർത്തി ഇന്ത്യ നാട്ടിലേക്ക്. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും ഉൾപ്പെടെ 107 മെഡലുകളുമായിട്ടാണ് ഇന്ത്യ നാട്ടിലേക്ക് തിരിക്കുന്നത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡൽ വേട്ടയാണിത്. 14-ാം ദിനമായിരുന്ന ഇന്നലെ ആറ് സ്വർണമാണ് ഇന്ത്യ സ്വന്തമാക്കിയത്. വനിതകളുടെ അമ്പെയ്ത്തിൽ വ്യക്തിഗത വിഭാഗത്തിൽ ജ്യോതി സുരേഖ വിനാം ഇന്ത്യക്കായി സ്വർണം നേടി. പുരുഷന്മാരിൽ ഓജസ് പ്രവീനും സ്വർണം സ്വന്തമാക്കി. നേരത്തെ, ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം കബഡി ഫൈനലിൽ ആവേശവും നാടകീയതയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ഇറാനെ വീഴ്ത്തി ഇന്ത്യക്ക് സ്വർണം നേടിയിരുന്നു.

കളി തീരാൻ ഒരു മിനിറ്റ് മാത്രം അവശേഷിക്കെ ഇരു ടീമുകളും 28-28 എന്ന തുല്യ സ്‌കോറിലായിരുന്നു. ഇന്ത്യക്ക് പോയിന്റ് അനുവദിച്ചതിനെതിരെ ഇന്ത്യയും ഇറാനും തർക്കം ഉന്നയിച്ചതോടെ മത്സരം പിന്നീട് നിർത്തിവെച്ചു. ഇറാൻ കോർട്ടിൽ ഡു ഓർ ഡൈ റെയ്ഡിനിറങ്ങിയ പവനെ ഇറാൻ താരങ്ങൾ പിടിച്ചെങ്കിലും ഇറാൻ താരങ്ങളെ സ്പർശിക്കും മുമ്പ് താൻ ലൈനിന് പുറത്തുപോയതായി പവൻ അവകാശപ്പെട്ടു. പഴയ കബഡി നിയമപ്രകാരം റെയ്ഡർ ഡിഫൻഡർമാരെ തൊടാതെ ലൈനിന് പുറത്തുപോയാൽ അയാളെ പിന്തുടർന്ന ഡിഫൻഡറും പുറത്തുപോവും. എന്നാൽ പ്രൊ കബഡി ലീഗിൽ ഉപയോഗിക്കുന്ന പുതിയ നിമയം അനുസരിച്ച് റെയ്ഡർ മാത്രമാണ് പുറത്തുപോവുക. ഇതോടെ റഫറിയുടെ തിരുമാനത്തെച്ചൊല്ലി ഇരു ടീമുകളും തമ്മിൽ തർക്കം തുടങ്ങി.

Signature-ad

ഇന്ത്യ നാലു പോയന്റിന് അവകാശവാദം ഉന്നയിക്കുകയും ഇറാൻ താരങ്ങൾ എതിർക്കുകയും ചെയ്തതോടെ റഫറി ഇരു ടീമിനും ഓരോ പോയന്റ് വീതം നൽകി. ഇതോടെ സ്‌കോർ 29-29 ആയി. എന്നാൽ നാലു പോയന്റ് നൽകണമെന്ന ആവശ്യത്തിൽ ഇന്ത്യ ഉറച്ചു നിന്നതോടെ വീണ്ടും ആശയക്കുഴപ്പമായി.ഒടുവിൽ ഇന്ത്യക്ക് മൂന്നും ഇറാന് ഒരു പോയന്റും റഫറി അനുവദിച്ചതോടെ ഇറാൻ താരങ്ങൾ പ്രതിഷേധവുമായി കോർട്ടിൽ കുത്തിയിരുന്നു. ഇതോടെ മത്സരം താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു. മുക്കാൽ മണിക്കൂറോളം തടസപ്പെട്ട മത്സരം ഒടുവിൽ പുനരാരംഭിച്ചു.

അപ്പീലിൽ ഉറച്ചു നിന്നതോടെ ഇന്ത്യക്ക് മൂന്നും ഇറാന് ഒരു പോയന്റും നൽകിയ റഫറിയുടെ തീരുമാനം ഇറാൻ അംഗീകരിച്ചതോടെയാണ് മത്സരം വീണ്ടും തുടങ്ങിയത്. ഇതോടെ ഇന്ത്യക്ക് 31ഉം ഇറാന് 29ഉം പോയന്റായി. ഇന്ത്യയുടെ കോർട്ടിൽ റെയ്ഡിനെത്തിയ ഇറാൻ താരം റേസയെ ഇന്ത്യ പിടിച്ചിട്ടു. ഇതോടെ ഇന്ത്യ 32 പോയന്റിലെത്തി.ഒരു പോയന്റ് കൂടി നേടിയ ഇന്ത്യ 33-29ന് ജയിച്ച് കബഡിയിൽ തുടർച്ചയായ എട്ടാം സ്വർണം നേടി. നേരത്തെ ചൈനീസ് തായ്‌പേയിയെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ(2625) ഇന്ത്യൻ വനിതകളും കബഡിയിൽ സ്വർണം നേടിയിരുന്നു.

Back to top button
error: