വര്‍ഷങ്ങള്‍ക്കു മുൻപ് കടമക്കുടിയെ കടന്നാല്‍ കുടുങ്ങപ്പോയി എന്നര്‍ത്ഥം വരുന്ന രീതിയില്‍ ‘കടന്നാല്‍കുടുങ്ങി’ എന്നാണ് പറഞ്ഞിരുന്നതത്രെ. നാലു വശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ടതായതിനാല്‍ ദ്വീപിലേക്കുള്ള യാത്ര ദുഷ്ക്കരമായിരുന്നു. ഇന്നുള്ളതു പോലെയുള്ള വിപുലമായ സൗകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കടമക്കുടിയിലേക്കു വരാനും പോകാനുമെല്ലാം ബോട്ടുകളും വഞ്ചികളും മാത്രമേ പണ്ടുകാലത്ത് ഉണ്ടായിരുന്നുള്ളു. പിന്നീട് റോഡ് സൗകര്യം വന്നതോടെ കൊച്ചിയില്‍ നിന്ന് കടമക്കുടിയിലെത്താൻ എളുപ്പമായി. അങ്ങനെ കടമക്കുടിയുടെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ദ്ധിക്കുകയും ദ്വീപുകള്‍ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറുകയും ചെയ്തു.
ചെമ്മീന്കെട്ടുകളും പൊക്കാളിപ്പാടങ്ങളുമെല്ലാം നിറഞ്ഞ കടമക്കുടി ദ്വീപുകള്‍, വാരാന്ത്യം ചെലവഴിക്കാന്‍ ഏറ്റവും മികച്ച സ്ഥലമാണ്. സാധാരണ ബോട്ട് സര്‍വീസുകള്‍ ഇപ്പോള്‍ കടമക്കുടിയെ ബോള്‍ഗാട്ടി, വല്ലാര്‍പാടം, മുളവുകാട്, രാമൻതുരുത്ത് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നു. ഗോശ്രീ പാലത്തിന് അപ്പുറത്തുള്ള കണ്ടെയ്നര്‍ റോഡില്‍ നിന്നും ദ്വീപുകളുടെ സൗന്ദര്യം ആസ്വദിക്കാം.
പക്ഷിനിരീക്ഷകരുടെ പറുദീസയാണ് കടമക്കുടി. പൊക്കാളി പാടങ്ങള്‍ വിളവെടുപ്പിന് പാകമാകുമ്ബോള്‍ ഒത്തിരി ദേശാടന പക്ഷികളാണ് ഇവിടേക്ക് എത്താറുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേകിച്ച് യൂറോപ്പ്, മലേഷ്യ, സൈബീരിയ എന്നിവിടങ്ങളില്‍ നിന്നെല്ലാം പക്ഷികള്‍ എത്തിച്ചേരുന്ന സ്ഥലമാണ് കടമക്കുടി. 75 ല്‍ പരം ഇനത്തിലുള്ള ദേശാടനപക്ഷികളുടെ സങ്കേതമാണ് ഇവിടം.പക്ഷി നിരീക്ഷണത്തിന് മാത്രമല്ല ഫോട്ടോഗ്രാഫിക്കും കടമക്കുടി അനുയോജ്യമാണ്.