IndiaNEWS

ഏറ്റെടുത്ത നെല്ലിന്റെ കണക്ക് നല്‍കുന്നതിന് അനുസരിച്ച് കേരളത്തിന് പണം നല്‍കിയിട്ടുണ്ട്; നെല്ല് സംഭരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു: കേന്ദ്ര കൃഷി സഹമന്ത്രി

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ തട്ടിപ്പുകാരെ സംരക്ഷിക്കുന്നത് സംസ്ഥാന സർക്കാരാണെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്തലജെ കുറ്റപ്പെടുത്തി. നെല്ല് സംഭരണത്തിൽ സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കൃഷി വികാസ് യോജന വഴി ഫണ്ട് ഉണ്ട്. കോൾഡ് സ്റ്റോറേജ്, ടെസ്റ്റിംഗ് ലാബുകൾ അടക്കം നിർമ്മിക്കാൻ ഫണ്ട് ലഭിക്കും. അതിന് പ്രോജക്ട് റിപ്പോർട്ട് നൽകിയാൽ മതിയാകും. കേരളം ഇതുവരെ ഒരു പ്രോജക്ട് റിപ്പോർട്ട് പോലും തയ്യാറാക്കുകയോ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി ആരോപിച്ചു.

കർഷകരിൽനിന്ന് ഏറ്റെടുത്ത നെല്ലിന്റെ കണക്ക് നൽകുന്നതിന് അനുസരിച്ച് കേരളത്തിന് പണം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കണക്ക് നൽകിയ എല്ലാ സംസ്ഥാനങ്ങൾക്കും പണം നനൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേരളം രാഷ്ട്രീയം കളിക്കുകയാണ്. എത്ര നെല്ല് സംഭരിച്ചു, അതിൽ എത്ര വിതരണം ചെയ്തു എന്ന് കണക്ക് നൽകിയാൽ ആ പണം കേന്ദ്രം നൽകും. കേരളം കണക്കുകൾ നൽകുന്നില്ല. ഇതോടെ ദുരിതത്തിലായത് കർഷകരാണ്. കൃഷിയുടെ കാര്യത്തിൽ മാത്രമല്ല എല്ലാ കേന്ദ്ര പദ്ധതികളോടും സംസ്ഥാനത്തിന് വിമുഖതയാണെന്നും അവർ പറഞ്ഞു.

Signature-ad

15 സഹകരണ ബാങ്കുകളിലായി ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പാണ് പുറത്തുവരുന്നത്. സഹകരണ സംഘത്തിലെ അഴിമതിയിൽ സിപിഎമ്മിനെ കോൺഗ്രസ്സും ലീഗിനെയും കോൺഗ്രസ്സിനെയും സിപിഎമ്മും പരസ്പരം സഹായിക്കുകയാണ്. തട്ടിപ്പ് നടത്തിയ എംഎൽഎയെയും നേതാക്കളെയുമെല്ലാം സർക്കാർ സംരക്ഷിക്കുകയാണ്. സഹകരണ സ്ഥാപനത്തിലെ പണം രാഷ്ട്രീയക്കാർക്കും അവരുടെ ബന്ധുക്കൾക്കും സ്വകാര്യ വ്യക്തികൾക്കും ധൂർത്തിന് നൽകി. ജനങ്ങളെ സർക്കാർ വഞ്ചിക്കുകയാണ്. നിക്ഷേപകരുടെ പണത്തിനും ജീവൻ നഷ്ടമായതിനും ആര് ഉത്തരവാദിത്തം പറയും. സ്വർണവും വസ്തുക്കളുടെ പ്രമാണങ്ങളും നിക്ഷേപങ്ങളും ദുരുപയോഗം ചെയ്തു. ജനങ്ങളുടെ പണവും സ്വർണവും തിരികെ ലഭിക്കണം. കേരള സർക്കാർ സഹകരണ അഴിമതിക്കെതിരെ നടപടി എടുക്കാനും ജനങ്ങളോട് മറുപടി പറയാനും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

Back to top button
error: