60 കിലോയിലധികം ഭാരം, 33 മുതൽ 50 സെൻറി മീറ്റർ വരെ ഉയരം. ഭാരത്തിനൊത്ത മസിൽപവർ ക്രൂരഭാവം. ഗൗരവമേറിയ നോട്ടം. ആദ്യനോട്ടത്തിൽത്തന്നെ പേടിപ്പെടുത്തും മുരണ്ട് കുരച്ചെത്തുന്ന അമേരിക്കൻ ബുള്ളി എക്സ് എൽ കൂറ്റൻ നായ. അമേരിക്കൻ ബ്രീഡല്ലേ മലയാളിക്കെന്ത് കാര്യമെന്ന് വിട്ടുകളയേണ്ട. ഈ കൂറ്റൻ കാവൽപ്പടയാണ് കഴിഞ്ഞ ദിവസം കുമാരനെല്ലൂരിൽ കഞ്ചാവ് വിൽപന സംഘത്തെ പൊലീസുകാരിൽ നിന്ന് ഈസിയായി രക്ഷിച്ച് കളഞ്ഞത്. അന്ന് ചർച്ചയായതും അമേരിക്കൻ ബുള്ളിയെന്ന കാരിരുമ്പിൻറെ കരുത്തുള്ള കാവൽ നായകളായിരുന്നു.
കാക്കി കണ്ടാൽ കടിക്കണമെന്നായിരുന്നു പ്രധാന നിർദേശം. യജമാനനോട് കൂറ് ആവോളമുള്ള അമേരിക്കൻ ബുള്ളികൾ ഉദ്യോഗസ്ഥരെ മുരടനക്കത്തിൽ ഒതുക്കിനിർത്തി, കുരയ്ക്കുകയും പേടിപ്പിക്കുകയും ചെയ്തു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് അമേരിക്കൻ ബുള്ളികളെ മറികടന്ന് ഉദ്യോഗസ്ഥർ ആ വീടിനുള്ളിൽ കയറിയത്. ഇത് കേരളത്തിലെ ഏറ്റവും ഒടുവിൽ നടന്ന സംഭവം ആണന്നേയുള്ളൂ. ഇങ്ങനെ ഒന്നിൽ ഒതുങ്ങുന്നതല്ല അമേരിക്കൻ ബുള്ളിയുടെ എക്സ് എല്ലിൻറെ കഥ. പലനാടുകളിൽ കുഞ്ഞുങ്ങളെയടക്കം കടിച്ചുകീറിയതും കുടഞ്ഞെറിഞ്ഞതുമായ വാർത്തകൾ നിരവധിയാണ്. ഈ ചൊവ്വാഴ്ച യുകെയിൽ 54കാരനെ കടിച്ചുകൊന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. അത്രയ്ക്ക് അപകടകാരികളാണോ ഈ അമേരിക്കൻ ബുള്ളികൾ എന്ന നായ എന്ന ചോദ്യത്തിന് അതെ എന്ന് തന്നെയാണ് ഉത്തരം. കഴിഞ്ഞ മാസമാണ് അമേരിക്കൻ ബുള്ളികളെ നിരോധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചത്. ആളുകളുടെ സുരക്ഷയെ മുൻനിർത്തിയെന്ന് പ്രത്യേകം പരാമർശിച്ചാണ് അദ്ദേഹം നിരോധന നയം വ്യക്തിമാക്കിയത്.
എന്താണ് ഏമേരിക്കൻ ബുള്ളിയെ ഇത്രത്തോളം അപകടകാരികളാക്കുന്നത്?
1980കളുടെ അവസാനത്തിൽ അമേരിക്കയിലാണ് ഈ കൊലയാളി നായകളുടെ പിറവി. അമേരിക്കൻ പിറ്റ്ബുൾ ടെറിയറിന്റെയും അമേരിക്കൻ സ്റ്റഫോർഡ്‌ഷൈർ ടെറിയറിന്റെയും ക്രോസ് ബ്രീഡാണിത്. ഇംഗ്ലീഷ് ബുൾഡോഗ്‌സ്, ഓൾഡ് ഇംഗ്ലീഷ് ബുൾഡോഗ് അമേരിക്കൻ ബുൾഡോഗ് എന്നി മസിലന്മാർക്ക് ശേഷം കൂടുതൽ വലുതും കരുത്തന്മാരുമായ നായകൾ എന്ന ഉദ്ദേശത്തോടുകൂടിയാണ് അമേരിക്കൻ ബുള്ളിയുടെ ബ്രീഡിങ് നടന്നത്. നിലവിൽ സ്റ്റാൻഡേർഡ്, പോക്കറ്റ്, ക്ലാസിക്, എക്‌സ്എൽ എന്നിങ്ങനെ നാല് തരം അമേരിക്കൻ ബുള്ളികളാണുള്ളത്. ഇതിൽ എക്‌സ്എൽ ആണ് ഏറ്റവുമധികം അക്രമകാരികൾ. ഭാരം കൊണ്ടും ഉയരും കൊണ്ടും കരുത്തുകൊണ്ടും ഒരുമനുഷ്യനെ കീഴടക്കി കുടഞ്ഞെറിയാൻ അനായാസം കഴിവുണ്ട് ഈ വളർത്തുമൃഗത്തിന്. പിറ്റ്ബുള്ളിനേക്കാൾ പേശീബലം. കരുത്തേറിയ അസ്ഥിഘടന, ഇവയൊക്കെയാണ് അമേരിക്കൻ ബുള്ളി എക്സ് എൽ വ്യത്യസ്തരാക്കുന്നത് അമേരിക്കയിലെ പ്രത്യേക ബ്രീഡായിട്ടാണ് ഇവ അറിയപ്പെടുന്നതുതന്നെ.
2014-15 വർഷങ്ങളിലായാണ് യുകെയിൽ അമേരിക്കൻ ബുള്ളികൾ എത്തി തുടങ്ങിയതെന്നാണ് യുകെ ക്യാമ്പയിൻ ഗ്രൂപ്പായ ബുള്ളി വാച്ച് പറയുന്നത്. കൊവിഡ് കാലത്ത് യുകെയിൽ ബുള്ളി തരംഗം തന്നെയുണ്ടായി. കാഴ്ചയിലും സ്വഭാവത്തിലും ഗൗരവക്കാരനാണെങ്കിലും ഇതൊരു മികച്ച ഫാമിലി ഡോഗാണത്രേ. രൂപത്തിൽ മുരടന്മാരാണെങ്കിലും അടുപ്പക്കാരോട് അലിഞ്ഞിണങ്ങളുന്ന പെരുമാറ്റമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്.
മറ്റ് നായകൾ കടിക്കുമ്പോഴുണ്ടാകുന്നതിനേക്കാൾ ഭവിഷത്തേറിയതാണ് അമേരിക്കൻ ബുള്ളികളുടെ കടിയേൽക്കുമ്പോഴുണ്ടാകുന്ന മുറിവുകൾ. ഒരിക്കൽ കടിവീണാൽ പിടിവിടില്ല. അതുണ്ടാക്കുന്ന പരിക്ക് ഗുരുതരവുമാണ്. എല്ലുകൾക്ക് കേടുവരുത്താനും ഞരമ്പുകളിലേക്ക് പല്ലുകൾ ആഴ്ത്തിയിറക്കാനും അമേരിക്കൻ ബുള്ളികൾക്കാവും. അമേരിക്കൻ ബുള്ളിയുടെ ആക്രമണങ്ങൾ പുതിയ കാര്യമല്ല. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി പേടിപ്പിക്കുന്ന നിരവധി അറ്റാക്കുകളുണ്ടായി. 17 മാസമുള്ള കുഞ്ഞിനെ മുതൽ 65കാരിയെ വരെ കടിച്ചുകൊന്ന നായക്കഥകൾ ഒരുപാടുണ്ട്. കൂടുതൽ വാർത്തകൾ വരുന്നത് യുകെയിൽ നിന്നും ഇതാണ് നിരോധനത്തിലേക്കും കേസുകളിലേക്കുമൊക്കെ വഴിവെച്ചത്. ഇഷ്ടപ്പെടുന്നതും സ്വന്തമാക്കുന്നതും ക്രിമിനൽ ഗ്യാങ്ങുകൾ. ആസൂത്രിത ക്രൈമുകളുടെ കാവൽക്കാരൻ. അതാണ് നമ്മൾ കുമാരനെല്ലൂരിലും കണ്ടത്.