KeralaNEWS

വൈദ്യുതി ബിൽ കുടിശ്ശിക പലിശയിളവോടെ തീർക്കാം; വൻ ഓഫർ, പരിമിത കാലത്തേക്ക് മാത്രം!

തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ആകർഷകമായ പലിശയിളവോടെ തീർപ്പാക്കാമെന്നാണ് മന്ത്രി അറിയിച്ചത്. വൻ ഓഫറാണെന്നും ഇത് പരിമിത കാലത്തേക്ക് മാത്രമാണമെന്നും മന്ത്രി പറഞ്ഞു.

റവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാം. ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് അതത് സെക്ഷൻ ഓഫീസിലും ഹൈ ടെൻഷൻ ഉപഭോക്താക്കൾ സ്‌പെഷ്യൽ ഓഫീസർ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. 15 വർഷത്തിന് മുകളിലുള്ള കുടിശ്ശികകൾക്ക് പലിശ നാല് ശതമാനം മാത്രമാണ്. അഞ്ചു മുതൽ 15 വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ അഞ്ച് ശതമാനവും രണ്ടു മുതൽ അഞ്ച് വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ ആറ് ശതമാനം മാത്രമാണെന്നും മന്ത്രി അറിയിച്ചു.

Signature-ad

വൈദ്യുതി കുടിശ്ശികകൾക്ക് ഉള്ള പലിശകൾ 6 തവണകളായി അടയ്ക്കാൻ അവസരമുണ്ട്. മുഴുവൻ വൈദ്യുതി കുടിശ്ശികയും പലിശയുൾപ്പെടെ ഒറ്റത്തവണയായി തീർപ്പാക്കിയാൽ ആകെ പലിശ തുകയിൽ 2% അധിക ഇളവും ലഭിക്കും. ഈ സുവർണ്ണാവസരം പരിമിതകാലത്തേക്കു മാത്രമാണ്. വിശദവിവരങ്ങൾക്ക് കെഎസ്ഇബി വെബ്‌സൈറ്റ് സന്ദർശിക്കാനും മന്ത്രി ആവശ്യപ്പെട്ടു.

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അന്തിമാനുമതി നൽകാത്ത കരാറുകൾ പുനഃപരിശോധിക്കാൻ മന്ത്രിസഭാ യോഗം ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ തടസം ഉണ്ടാകാതിരിക്കാൻ പൊതുതാൽപര്യം മുൻനിർത്തിയാണ് കേന്ദ്ര വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് പ്രകാരം വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പുനഃ പരിശോധിക്കാൻ ആവശ്യപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു.

Back to top button
error: