കണ്ണൂർ കണ്ണപുരം പൊലീസ് സ്റ്റേഷന് പരിധിയിലെ കെ കണ്ണപുരം വായനശാലയ്ക്ക് സമീപം ബൈകും സ്കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 6 വയസുകാരി മരിച്ചു. പാപ്പിനിശ്ശേരി ഹിദായത്ത് സ്കൂളിലെ ഒന്നാം ക്ലാസുകാരി ശെഹ ശിറാസാണ് മരിച്ചത്. ബുളളറ്റ് യാത്രികന് ഗുരുതരമായി പരുക്കേറ്റു.
മട്ടന്നൂരിനടുത്ത് ചാവശേരിയില്‍ പിക്കപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ചാവശേരി പറമ്പിലെ ഐസിന് ആദമാണ് മരിച്ചത്. മാതാവിനോടൊപ്പം സ്കൂട്ടറില്‍ യാത്രചെയ്തിരുന്ന മൂന്നു വയസുകാരന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സ്കൂട്ടര്‍ ഓടിച്ചിരുന്ന മാതാവ് പി കെ മുബശ്ശിറയെ (23) ഗുരുതരമായ പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണപുരം അപകടത്തിലെ ബൈക്ക് യാത്രികനായ യുവാവിനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് (ബുധൻ) രാവിലെ 10 മണി യോടെയാണ് അപകടമുണ്ടായത്. മദ്രസയില്‍ നിന്ന് കുട്ടിയെയും കൂട്ടി ബന്ധു സ്കൂട്ടറില്‍ കണ്ണപുരത്തേക്ക് മടങ്ങവേ എതിരെ വന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ വാഹനത്തില്‍ നിന്ന് കുട്ടിയും യുവാവും റോഡിലേക്ക് തെറിച്ച് വീണു. ഇരുവരെയും കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. കണ്ണപുരം യോഗശാലയിലെ ശിറാസ് -ഹസീന ദമ്പതികളുടെ മകളാണ്.