IndiaNEWS

തമിഴ്നാട്ടില്‍ അടിപതറി ബിജെപി; അണ്ണാമലൈയെ കാണാൻ പോലും കൂട്ടാക്കാതെ  നരേന്ദ്ര മോദിയും അമിത്ഷായും; ഇന്നത്തെ സംസ്ഥാന ഭാരവാഹി യോഗം റദ്ദാക്കി

ചെന്നൈ:: തമിഴ്നാട്ടില്‍ എഐഎഡിഎംകെയുമായുള്ള തര്‍ക്കത്തില്‍ തീരുമാനം എടുക്കാനാകാതെ ബിജെപി കേന്ദ്ര നേതൃത്വം.ഇതോടെ ഇന്ന് നടക്കാനിരുന്ന തമിഴ്നാട്ടിലെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം റദ്ദാക്കി.

തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ ചര്‍ച്ചകള്‍ക്കായി ദില്ലിയിലുണ്ടെങ്കിലും കാണാൻ പോലും കൂട്ടാക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും മുഖം തിരിച്ചതിന് പിന്നാലെയാണ് യോഗം റദ്ദാക്കിയത്.

 അതേസമയം ദില്ലിയിലുള്ള അണ്ണാമലൈ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി.നിര്‍മല സീതാരാമനെ തമിഴ്നാടിന്‍റെ പാര്‍ട്ടി ചുമതല ഏല്‍പ്പിക്കുന്നതും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലാണ്. നാളെ നിര്‍മല സീതാരാമന്‍ ചെന്നൈയിലെത്തും. തമിഴ്നാട്ടിലെ സാഹചര്യം സംബന്ധിച്ച്‌ നിര്‍മലയില്‍നിന്ന് കേന്ദ്ര നേതൃത്വം റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.

Signature-ad

ദില്ലിയില്‍ തുടരുന്ന അണ്ണാമലൈക്ക് ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാനായിട്ടില്ല.ഇന്ന് നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിന് മുമ്ബായി ചെന്നൈയില്‍ തിരിച്ചെത്തുമെന്നാണ് നേരത്തെ അണ്ണാമലൈ അറിയിച്ചിരുന്നത്. എന്നാല്‍, ഇതിനിടയിലാണ് സംസ്ഥാന ഭാരവാഹി യോഗം കേന്ദ്ര നേതൃത്വം ഇടപെട്ട് റദ്ദാക്കിയിരിക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിന് അധികം സമയമില്ലാത്തതിനാല്‍ തന്നെ പ്രശ്നം വേഗത്തില്‍ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം.ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപി ഒറ്റക്ക് മത്സരിച്ചാല്‍ എട്ട് നിലയിൽ പൊട്ടുമെന്നാണ് റിപ്പോർട്ട്.ലോക്സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബിജെപി താഴെത്തട്ടില്‍നിന്നും വലിയരീതിയിലുള്ള പ്രവര്‍ത്തനം തമിഴ്നാട്ടില്‍ നടത്തിയിരിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ടാണ് ഇതിന് ചുക്കാൻ പിടിച്ചത്.ഇതിനിടയ്ക്കാണ് അണ്ണാമലൈയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് എഐഎഡിഎംകെ ബിജെപിയുമായുള്ള സഖ്യം വിടുന്നത്.

ഇതിനിടെ എന്‍ഡിഎ വിട്ട എഐഎഡിഎംകെയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി നടന്നിരുന്നു. അസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ ചര്‍ച്ച നടന്നത്. എഐഡിഎംകെയ്ക്കെതിരെ പരസ്യ പ്രസ്താവന പാടില്ല എന്ന് കെ അണ്ണാമലക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ അമിത് ഷാ കളത്തില്‍ ഇറക്കിയത്. എന്നാല്‍ ബിജെപിയുമായി ഇനി ഒത്തുതീര്‍പ്പിനില്ലെന്നായിരുന്നു എഐഎഡിഎംകെയുടെ പ്രതികരണം.

Back to top button
error: