BusinessTRENDING

സൗദിയ അടിമുടി മാറ്റത്തോടെ പുതിയ ഭാവത്തിൽ! ലോഗോയും  ക്യാബിൻ ക്രൂവിന്റെ യൂനിഫോമിലും മാറ്റം

റിയാദ്: ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് (സൗദിയ) അടിമുടി മാറ്റത്തോടെ പുതിയ ഭാവത്തിൽ. ലോഗോയും  ക്യാബിൻ ക്രൂവിെൻറ യൂനിഫോമും മാറി. ജിദ്ദയിൽ നടന്ന ചടങ്ങിൽ പുതിയ ലോഗോ പ്രകാശനം ചെയ്തു. 1980 കളിലെ ലോഗോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെറിയ പരിഷ്കാരങ്ങളോടെയും സൗദി ഐഡൻറിറ്റി ആധികാരികതയോടെ ആഴത്തിൽ എടുത്തുകാണിക്കുന്ന നിറങ്ങളോടെയുമാണ് പുതിയ ലോഗോ.

രാജ്യവുമായി ബന്ധപ്പെട്ട മൂന്ന് നിറങ്ങളിലുള്ളതാണ് അവതരിപ്പിച്ച പുതിയ ലോഗോ. അഭിമാനത്തിൻറെയും ബഹുമാനത്തിെൻറയും പ്രതീകമായ പതാകയുടെ നിറമായ പച്ച, സൗദി പാരമ്പര്യമായ ഔദാര്യം, സംസ്കാരം, ആതിഥ്യ മര്യാദ എന്നിവയുടെ പ്രതീകമായ ഈന്തപ്പനയുടെ നിറം, രാജ്യത്തിെൻറ കടലിെൻറയും ആകാശത്തിെൻറയും നിറത്തെ പ്രതിനിധീകരിക്കുന്ന നീല നിറം, രാജ്യത്തിെൻറ സമ്പന്നതയുടെ പ്രതീകവും ആധികാരിതയും അടിയുറച്ച വേരുകളും അടയാളപ്പെടുത്തുന്ന മണൽ നിറം എന്നിവ ഉൾച്ചേർന്നതാണ് പുതിയ ലോഗോ.

വിമാനജോലിക്കാരുടെ വസ്ത്രങ്ങളിലും മാറ്റമുണ്ട്. സൗദി തനിമയോടെ രൂപകൽപ്പന ചെയ്തതാണ് പുതിയ യൂനിഫോം. യാത്രക്കാർക്കുള്ള ആതിഥ്യ രീതിയിലും മാറ്റമുണ്ടാകും. ഏറ്റവും മികച്ച ഈത്തപ്പഴവും ഉയർന്ന നിലവാരമുള്ള സൗദി ഖഹ്വയും വിളമ്പും. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ കൊണ്ടുള്ള ഭക്ഷണമാണ് വിളമ്പുക. ഇത്തരത്തിൽ 40ലധികം തരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ ഇങ്ങനെ വിളമ്പും. പരമ്പരാഗത സുഗന്ധദ്രവ്യങ്ങൾ പൂശിയ ടിഷ്യുപേപ്പറുകളും യാത്രക്കാർക്ക് നൽകുക. അതിഥി കാബിനുകൾ ‘സൗദിയ’യുടെ ലോഗോയെ പ്രതിഫലിപ്പിക്കുന്ന പുതിയ ഡിസൈനുകളിലും നിറങ്ങളിലുമായിരിക്കും. സിനിമകൾ, ചാനലുകൾ, ഓഡിയോ പ്രോഗ്രാമുകൾ എന്നിവ പ്രാദേശിക സൗദി ഉള്ളടക്കമുള്ളതായിരിക്കും. വിമാനത്തിനുള്ളിലെ പശ്ചാത്തല സംഗീതം അറേബ്യൻ സംഗീതോപകരണങ്ങളാൽ സൃഷ്ടിക്കുന്നതായിരിക്കും.

അതിഥി സേവന സംവിധാനം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിയന്ത്രിക്കും. രേഖാമൂലവും വോയ്‌സ് ചാറ്റ് വഴിയും ടിക്കറ്റ് ബുക്കിങ് ഉൾപ്പടെയുള്ള യാത്രാനടപടികൾ പൂർത്തിയാക്കാൻ ഇത് യാത്രക്കാരെ സഹായിക്കും. 1945 സെപ്റ്റംബർ 30 ന് മധ്യപ്രവിശ്യയിലെ അഫീഫിൽ നിന്ന് ത്വാഇഫിലേക്ക് ഡിസി-3 എന്ന ദേശീയ വിമാനത്തിൽ സൗദി സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് നടത്തിയ യാത്രയെ അനുസ്മരിച്ചാണ് സെപ്റ്റംബർ 30ന് സൗദി എയർലൈൻസ് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.

Back to top button
error: