മാഡ്രിഡ്: സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ പകരക്കാരനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ക്ലബിന്റെ മുന്‍താരം സാബി അലോന്‍സോ പുതിയ റയല്‍ കോച്ചാവുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുന്ന ജൂണില്‍ റയല്‍ മാഡ്രിഡുമായി കരാര്‍ അവസാനിക്കുന്ന നിലവിലെ കോച്ച് കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ ദേശീയ ടീമിന്‍റെ പുതിയ പരിശീലകന്‍ ആവുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെയാണ് റയല്‍ മാഡ്രിഡ് പുതിയ പരിശീലനെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്.
സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റയലിന്റെ മുന്‍താരം സാബി അലോന്‍സോ ആഞ്ചലോട്ടിയുടെ പകരക്കാരനാവും. റയലിന്റെയും ബയേണ്‍ മ്യൂണിക്കിന്റെയും മുന്‍താരമായിരുന്ന സാബി അലോന്‍സോ ഇപ്പോള്‍ ജര്‍മ്മന്‍ ക്ലബ് ബയര്‍ ലെവര്‍ക്യുസന്റെ പരിശീലകനാണ്. കഴിഞ്ഞ സീസണില്‍ തരം താഴ്ത്തലിന്റെ വക്കിലായിരുന്ന ലെവര്‍ക്യൂസനെ ആറാം സ്ഥാനത്തേക്കുയര്‍ത്തിയാണ് സാബി അലോന്‍സോ പരിശീലകനെന്ന നിലയില്‍ ശ്രദ്ധേയനായത്.
ലെവര്‍കൂസനെ യുറോപ്പ ലീഗിന്റെ സെമി വരെ എത്തിക്കാനും സാബി അലോണ്‍സോയ്ക്ക് കഴിഞ്ഞു. സാബിക്ക് കീഴില്‍ ഈ സീസണിലും മികച്ച പ്രകടനമാണ് ലെവര്‍കൂസന്‍ നടത്തുന്നത്. ബുണ്ടസ് ലിഗയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ലെവര്‍കൂസന്‍. കൂടുതല്‍ സമയം പന്ത് കൈവശം വെച്ച് കളിക്കുന്നതിനേക്കാള്‍ തുടര്‍ച്ചയായി ആക്രമണം നടത്തി എതിരാളികളെ സമ്മര്‍ദത്തിലാക്കുന്നതാണ് സാബിയുടെ ശൈലി.
കളിക്കാരനെന്ന നിലയില്‍ ബയേണില്‍ നിന്ന് വിരമിച്ച സാബി റയല്‍ മാഡ്രിഡിന്റെ യൂത്ത് ടീമിലൂടെയാണ് പരിശീലക രംഗത്ത് എത്തിയത്. ക്ലബിന്റെ നയങ്ങളും ശൈലിയും അറിയുന്ന പരിശീലകന്‍ എന്ന നിലയിലാണ് സാബിയെ ചുമതല ഏല്‍പിക്കാന്‍ റയല്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ലാ ലിഗയില്‍ രണ്ടാമതാണ് റയല്‍ ഏഴ് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്ക്. ഏഴ് മത്സരങ്ങളും ജയിച്ച ജിറോണയാണ് ഒന്നാമത്.