തിരുവനന്തപുരം: വൃദ്ധയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും രണ്ടര പവന്റെ ആഭരണങ്ങളും 30,000 രൂപയും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കാരോട്, മാറാടി ചെറുകുഴിക്കര വീട്ടിൽ ബൈജു (46) ആണ് അറസ്റ്റിലായത്. വൃദ്ധയും റിട്ട. അദ്ധ്യാപികയുമായ വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച് രണ്ടര പവന്റെ ആഭരണങ്ങളും 30,000 രൂപയും കവർന്ന കേസിൽ ആണ് ഇയാളെ പൊഴിയൂർ പോലീസ് അറസ്റ്റു ചെയ്തത്. ചെങ്കവിളയ്ക്ക് സമീപം മാറാടി ആർ.എസ് ഭവനിൽ ഒറ്റയ്ക്ക് താമസിക്കുന്ന സുകുമാരി അമ്മയ്ക്കാണ് (80) പണവും ആഭരണങ്ങളും നഷ്ടപ്പെട്ടത്. ഇവരുടെ മൂന്ന് മക്കളിൽ മൂത്തയാൾ നെയ്യാറ്റിൻകരയിലും മകൾ സമീപത്തും കുടുംബവുമൊത്ത് താമസിക്കുകയാണ്. കഴിഞ്ഞ 12 വർഷങ്ങൾക്ക് മുൻപ് രണ്ടാമത്തെ മകനെ കാണാതായതിനെത്തുടർന്ന് വീട്ടിൽ ഒറ്റയ്ക്കാണ് വൃദ്ധയായ അമ്മ കഴിയുന്നത്.
കഴിഞ്ഞ 14ന് കട്ടിലിൽ കിടന്ന് ടിവി കണ്ടുകൊണ്ടിരിക്കെ രാത്രി എട്ട് മണിയോടെയാണ് മോഷണം നടന്നത്. മുൻവശത്തെ വാതിലിലൂടെ വീടിനുള്ളിൽ കടന്ന കള്ളൻ സുകുമാരിയമ്മയുടെ അടുത്തെത്തി കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സുകുമാരിയമ്മ നിലവിളിച്ചെങ്കിലും ഇവരോടുള്ള നീരസം കൊണ്ട് അയൽക്കാരാരും എത്തിയില്ല. ഇതിനിടെ കഴുത്തിൽ അണിഞ്ഞിരുന്ന രണ്ടര പവന്റെ മാല കള്ളൻ പൊട്ടിച്ചെടുത്തു. വൃദ്ധ എതിർത്തതോടെ ഒരു കഷണം തിരികെ എറിഞ്ഞു. ഇതിനിടെ വൃദ്ധ കിടക്കയ്ക്ക് അടിയിൽ കരുതിയിരുന്ന 30,000 രൂപയും ഇയാൾ കൈക്കലാക്കി. കള്ളനെ നേരിട്ട് കണ്ടെങ്കിലും യാതൊരു മുഖപരിചയവും ഇല്ലെന്നാണ് പറഞ്ഞത്.
സംഭവത്തില്‍ വൃദ്ധ വനിതാസെല്ലിലും തുടർന്ന് റൂറൽ എസ്.പിയെയും ഫോണിൽ വിളിച്ച് അറിയിച്ചതനുസരിച്ച് പൊഴിയൂർ പൊലീസെത്തി വിവരങ്ങൾ തിരക്കി. കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി വലയിലായത്. പ്രതിയും സുഹൃത്തുക്കളും വൃദ്ധയുടെ വിടിന് സമീപത്ത് പുരയിടത്തിൽ ഇരുന്ന് മദ്യപിച്ച ശേഷമാണ് വൃദ്ധയുടെ വീട്ടിലെത്തി മോഷണം നടത്തിയതെന്ന് ഇയാള്‍ പൊഴിയൂർ പോലിസിനോട് സമ്മതിച്ചു. മറ്റു പ്രതിക്കായി അന്വേഷണം തുടരുന്നു. സി.ഐ പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐ സന്തോഷ് കുമാറും, ഗ്രേഡ് എസ്.ഐമാരായ പ്രേംകുമാർ, അനിൽകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കും.