ജയ്പുര്‍: മദ്ധ്യപ്രദേശിന് പുറമേ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന രാജസ്ഥാനിലും പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി വൈകി ജയ്പുരില്‍ യോഗം ചേര്‍ന്നു. ഇന്നലെ വൈകിട്ടോടെ ആരംഭിച്ച യോഗം പുലര്‍ച്ചെ രണ്ടുമണിവരെ നീണ്ടതായി പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ഈ വര്‍ഷം ഡിസംബറോടെ രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനത്ത് സ്ഥിരം തന്ത്രങ്ങള്‍ മാറ്റി വേറിട്ട രീതിയില്‍ മത്സരത്തെ സമീപിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. കനത്ത വെല്ലുവിളി നേരിടുന്ന സീറ്റുകളില്‍ കേന്ദ്രമന്ത്രിമാരെയും എംപിമാരെയും മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത് സ്ഥാനാര്‍ത്ഥിയാകുമെന്നും അഭ്യൂഹങ്ങളുണ്ട്.
ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍നിര്‍ത്തി പ്രചാരണം നടത്താതെ മറ്റ് നേതാക്കള്‍ക്കൊപ്പം കൂട്ടമായി പ്രചാരണം നടത്താനാണ് തീരുമാനം. പാര്‍ട്ടിക്കുള്ളിലെ തന്നെ മത്സരങ്ങളും ശത്രുതയും നിയന്ത്രിക്കുകയും ‘വ്യക്തിയ്ക്ക് മുകളിലാണ് പാര്‍ട്ടി’ എന്ന ആശയം പ്രചരിപ്പിക്കുകയുമാണ് ശ്രമം.
ഗജേന്ദ്ര സിംഗ് ശെഖാവത്, രാജ്യസഭാ എംപി ഡോ.കിരോഡി ലാല്‍ മീണ, ലോക്സഭാ എംപിമാരായ ദിയ കുമാരി, രാജ്യവര്‍ദ്ധന്‍ രാത്തോര്‍, സുഖ്വീര്‍ സിംഗ് ജോന്‍പുരിയ എന്നിവരുടെ പേരുകളാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളായി ഉയര്‍ന്നുകേള്‍ക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ മത്സരരംഗത്തുണ്ടാവില്ലെന്നും സൂചനകളുണ്ട്.