IndiaNEWS

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥന്‍ അന്തരിച്ചു

ചെന്നൈ: ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്കു നയിച്ച പ്രതിഭ എം.എസ്.സ്വാമിനാഥന്‍ (98) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ മങ്കൊമ്പില്‍ 1925 ഓഗസ്റ്റ് 7നു ജനിച്ച മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥന്‍ എന്ന എം.എസ്.സ്വാമിനാഥന്‍ ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്.

ബോര്‍ലോഗിന്റെ ഗവേഷണങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തുടര്‍ച്ച നല്‍കിയ അദ്ദേഹം, നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഭാര്യ: മീന ഭൂതലിംഗം. മക്കള്‍: ഡോ. സൗമ്യ, മധുര, നിത്യ.

Signature-ad

ടൈം മാഗസിന്‍ അവലോകനം അനുസരിച്ച് ഇരുപതാം നൂറ്റാണ്ടില്‍ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയില്‍നിന്ന് 20 പേരില്‍ ഉള്‍പ്പെട്ടിരുന്നത്. സ്ഥിരം ഭക്ഷ്യസുരക്ഷയ്ക്ക് ഉതകുന്ന സുസ്ഥിര കൃഷിക്കുവേണ്ടി ഹരിതവിപ്ലവം, നിത്യഹരിതവിപ്ലവം ആക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ ശുപാര്‍ശ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

സ്വാമിനാഥന്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ അവാര്‍ഡുകള്‍ നല്‍കി രാജ്യം ആദരിച്ചു. റമണ്‍ മാഗ്സസെ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ഇരുപതാം നൂറ്റാണ്ടില്‍ ഏഷ്യ കണ്ട പ്രധാന വ്യക്തികളില്‍ ഒരാളായി ടൈം മാസിക തെരഞ്ഞെടുത്തത് സ്വാമിനാഥനെയാണ്. 1972 മുതല്‍ 1979 വരെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറല്‍ ആയിരുന്ന സ്വാമിനാഥനെ, 1943ലെ ബംഗാള്‍ ക്ഷാമത്തില്‍ പട്ടിണിമരണങ്ങള്‍ നേരിട്ട് കണ്ടത് മനസിലെ ഉലച്ചു. ലോകത്തെ വിശപ്പ് നിര്‍മാര്‍ജനം ചെയ്യാന്‍ ജീവിതം ഉഴിഞ്ഞുവെയ്ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകവും ഇതാണ്.

 

 

Back to top button
error: