അതിമനോഹരമായ പർവതങ്ങൾ, മാറ്റേറും സംസ്കാരം, സമ്പന്നമായ പൈതൃകം, യക്ഷിക്കഥകളിലേതുപോലെ നിഗൂഢതകൾ ഒളിപ്പിച്ച അനേകം കോട്ടകൾ എന്നിവയാൽ യൂറോപ്പിലെ ഏറ്റവും മികച്ച വിനോദസഞ്ചാരയിടങ്ങളിലൊന്നാണ് ഇന്ന് അർമേനിയ.
വളരെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന ഒരു രാജ്യവുമാണ് അർമേനിയ.മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ചെലവുകൾ കുറവായതിനാൽ അനേകം വിനോദ സഞ്ചാരികൾ ഇവിടെക്ക് എത്തുന്നുണ്ട്. ഭക്ഷണം, താമസം, ഇന്ധനം, മ്യൂസിയങ്ങളും മറ്റും സന്ദർശിക്കുന്നതിനുള്ള ടിക്കറ്റുകൾ എന്നിവയ്ക്കെല്ലാം വളരെ മിതമായ നിരക്കാണ് ഇവിടെ. ഏകദേശം 5 ദിവസം അർമേനിയയിൽ തങ്ങുന്ന രണ്ടു പേർക്ക് ഏതാണ്ട് 190 യൂറോ മാത്രമാണ് ചെലവു വരുന്നത്. അതായത്, പ്രതിദിനം ഒരാൾക്ക് 20 യൂറോയിലും കുറവ്.
ബാർബിക്യു ചെയ്തതും ഗ്രിൽ ചെയ്‌തതുമായ ഭക്ഷണം ആണ് അർമേനിയയിൽ. എല്ലാം വളരെ രുചികരം. റസ്റ്ററന്റുകളിൽ പോലും അർമേനിയൻ ഭക്ഷണം വളരെ വിലകുറഞ്ഞതാണ് . 5-10 യൂറോ കൊണ്ട് രണ്ടു പേർക്ക് നല്ലൊരു റസ്റ്ററന്റിൽ വളരെ നല്ല ഭക്ഷണം കഴിക്കാം.
വളരെ ഭംഗിയുള്ള ഭൂപ്രകൃതിയാലും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രത്യേകതയാലും സഞ്ചാരികളുടെ മനസ്സിൽ ഇടം പിടിച്ച രാജ്യം കൂടിയാണിത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കേബിൾ കാർ സവാരി ആസ്വദിക്കുന്നത് മുതൽ വൊറോട്ടൻ മലയിടുക്കിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങളിലൂടെ ഒരു റോഡ് ട്രിപ്പ് പോകുന്നതടക്കം നിരവധി കാര്യങ്ങളുണ്ട് അർമേനിയയിൽ ആസ്വദിക്കാൻ.കേബിൾ കാർ റൈഡിൽ അർമേനിയയുടെ സൗന്ദര്യം മുഴുവൻ കാണാം. അർമേനിയ മ്യൂസിയം, വെർണിസാജ് മാർക്കറ്റ് എന്നിവ ലിസ്റ്റിൽ പെടുത്താം.ഇവിടുത്തെ വേറൊരു പ്രധാന സ്ഥലം ഗാർനി ടെംപിളാണ്.നൂറ്റാണ്ടുകൾ പഴക്കമുള്ള, യുനെസ്കോ ഹെറിറ്റേജ് ലിസ്റ്റിൽ പെടുത്തിയ ക്ഷേത്രമാണ് ഗാർനി.
തലസ്‌ഥാനമായ യെരവാനിന് പുറത്ത് അധികമാരും ഇംഗ്ലിഷ് സംസാരിക്കാറില്ല.അതിനാൽത്തന്നെ അൽപമെങ്കിലും അർമേനിയൻ ഭാഷ പഠിച്ചിരിക്കുന്നത് നല്ലതാണ്. അറിയില്ല എന്ന് കരുതി വിഷമിക്കേണ്ട.അർമേനിയൻ ജനത സഹായമനസ്ഥിതിയുള്ളവരാണ്. അവർ വളരെ സൗഹൃദത്തോടുകൂടിയാണ് ആരോടും പെരുമാറുന്നത്. റോഡ് സിഗ്നലുകൾ ഇംഗ്ലീഷിലും അർമേനിയൻ ഭാഷയിലുമാണ്.
ലോകത്തെ ആദ്യത്തെ ക്രിസ്ത്യൻ രാജ്യമാണ് അർമേനിയ.ജനസംഖ്യയുടെ 95% ക്രൈസ്തവരാണ്.അർമീനിയൻസഭയാണ് ഇതിൽ ഏറ്റവും പ്രമുഖം. രണ്ടാമത്തേത് അർമീനിയൻ കത്തോലിക്കാസഭയാണ്.ഭൂരിപക്ഷവും ക്രൈസ്തവരാണെങ്കിലും ഭരണഘടനാപരമായി മതേതര രാജ്യമാണ് ഇത് പൗരന്മാർക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാം.പൊതുവെ സുരക്ഷിതമായ ഒരു രാജ്യം കൂടിയാണ് അർമേനിയ.30 ലക്ഷമാണ് ജനസംഖ്യ.കൊച്ചിയിൽനിന്ന് അർമേനിയയുടെ തലസ്ഥാനമായ യെരവാനിലേക്ക് ഫ്ളൈറ്റ് സർവീസുമുണ്ട്.1991 വരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു അർമേനിയ.
അർമേനിയയിൽ എങ്ങനെ ജോലി കണ്ടെത്താം ?
അർമേനിയയിൽ ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്ന എല്ലാവരും ആദ്യം അർമേനിയയിലെ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കായി ഗൂഗിൾ തിരയുക.ഫേസ്ബുക്കിൽ ഉൾപ്പെടെ അർമേനിയൻ റിക്രൂട്ട്മെന്റ് ഏജൻസികളുടെ വിവരം ലഭ്യമാണ്.മിക്ക വെബ്‌സൈറ്റുകളും ആപ്പുകളും ഇംഗ്ലീഷിലും അർമേനിയയിലുമാണ്.നിങ്ങൾക്ക് വേണമെങ്കിൽ ഗൂഗിൾ (Google) വിവർത്തനം അല്ലെങ്കിൽ മറ്റേതെങ്കിലും വിവർത്തന സേവനം ഇതിനായി ഉപയോഗിക്കാം.
നിങ്ങൾ ഒരു ജോലി കണ്ടെത്തിക്കഴിഞ്ഞാൽ, നിങ്ങൾക്ക് വർക്ക് പെർമിറ്റ് അത്യാവശ്യമാണ്. നിങ്ങൾക്ക് ഇത് വിദേശത്ത് നിന്നോ അർമേനിയയിൽ നിന്നോ ചെയ്യാം. അർമേനിയൻ പൗരന്മാർക്കും താമസക്കാർക്കും ജോലി കണ്ടെത്താൻ വർക്ക് പെർമിറ്റ് ആവശ്യമില്ല.നിങ്ങളുടെ പുതിയ തൊഴിലുടമയുമായോ തൊഴിൽ ഏജൻസിയുമായോ ചേർന്ന് നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും.അല്ലെങ്കിൽ നിങ്ങൾക്ക് ഒരു തൊഴിൽ വിസ സ്കീം കണ്ടെത്താനാകും.അതിനാൽ നിങ്ങൾക്ക് ജോലി വാഗ്ദാനം കൂടാതെ തന്നെ അർമേനിയയിലേക്ക് എത്താൻ സാധിക്കും.പ്രത്യേകിച്ച് ഇന്ത്യക്കാർക്ക്.
ഇന്ത്യൻ പാസ്പോര്‍ട്ട് ഉള്ളവർക്ക് വീസ ഓൺ അറൈവലിലൂടെ അർമേനിയയിൽ എത്താം.ശേഷം ജോലി കണ്ടെത്തിയാൽ മതി.നിങ്ങളെ സഹായിക്കാൻ നൂറുകണക്കിന് റിക്രൂട്ട്മെന്റ് ഏജൻസികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.പക്ഷേ ലഭിക്കുന്ന ജോലിയുടെ (ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ) കമ്മീഷൻ കൊടുക്കേണ്ടി വരും.അതുതന്നെയാണ് റിക്രൂട്ട്മെന്റ് ഏജൻസിയുടെ ഫീസും.മിക്കവരും ഒരു മാസത്തെ ശമ്പളത്തിന്റെ നേർ പകുതിയാണ് ഫീസായി വാങ്ങാറ്.
അതേസമയം ജോലി ലഭിക്കുന്ന സ്ഥാപനത്തിന് താമസസൗകര്യം (അക്കോമഡേഷൻ) ഇല്ലെങ്കിൽ റിക്രൂട്ട്മെന്റ് ഏജൻസികൾ അതും ശരിയാക്കി തരും.അതിനവർ പ്രത്യേകിച്ച് ഫീസൊന്നും ഈടാക്കാറില്ല.ഒരു വീട് മൊത്തമായി വാടകയ്ക്ക് എടുത്താൽ നാട്ടിലെ ഏകദേശം 25000 രൂപയ്ക്ക് അടുത്തു വരും.പത്തുപേർ ചേർന്നെടുക്കുകയാണെങ്കിൽ ഒരാൾക്ക് അധികം ചിലവ് വരില്ല.അല്ലെങ്കിൽ ഹോസ്റ്റൽ സൗകര്യം ഉപയോഗിക്കാം.ഒരാൾക്ക് നാട്ടിലെ കണക്ക് പ്രകാരം ഇതിന് 3000-4000 രൂപ വരും.ഡ്രാം(AMD) ആണ് ഇവിടുത്തെ കറൻസി.
അർമേനിയയിൽ ജോലി ലഭിക്കുക എന്നതിന് മറ്റൊരു ഗുണം കൂടിയുണ്ട്.ഏഷ്യയിൽ നിന്നും യൂറോപ്പിലേക്കുള്ളവരുടെ പ്രധാന ഇടത്താവളമാണ് ഇന്ന് അർമേനിയ.അർമേനിയൻ വർക്ക് പെർമിറ്റ് ഉള്ളവർക്ക് വളരെയെളുപ്പം ഇറ്റലി ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ ലഭിക്കും.നാട്ടിലെ ഏതാണ്ട് എൺപതിനായിരം രൂപയാണ് ഇതിന് മുടക്ക്.ഏത് രാജ്യത്തേക്കാണോ പോകുന്നത്, അവിടെ മൂന്നു മാസത്തോളം നിങ്ങൾക്ക് ഈ വിസയിൽ കഴിയാം.ഇതിനിടയ്ക്ക് അവിടെയൊരു ജോലി കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കണമെന്നു മാത്രം.ഇല്ലെങ്കിൽ അർമേനിയയിൽ തിരിച്ചെത്തി വീണ്ടും ശ്രമിക്കാം.ഓരോ തവണയും വിസയ്ക്ക് മുടക്കാൻ കൈയ്യിൽ കാശ് വേണമെന്ന് മാത്രം!