IndiaNEWS

മണ്ഡലമാകെ ചാഴിക്കാടന്റെ ഫ്‌ളക്‌സ്; കോട്ടയം പിടിക്കാന്‍ പി.ജെയും

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ മധ്യകേരളത്തില്‍ കളം പിടിക്കാനുള്ള നീക്കം ശക്തമാക്കി കോണ്‍ഗ്രസും യുഡിഎഫും. കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗത്തിന് നല്‍കി കരുത്തറിയിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം കോണ്‍ഗ്രസ് തള്ളിയിരുന്നു. ഇതോടെ സീറ്റ് ജോസഫ് വിഭാഗത്തിന് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

കേരളാ കോണ്‍ഗ്രസ് എമ്മിന് ശക്തമായ വേരോട്ടമുള്ള കോട്ടയം സീറ്റില്‍ വിജയിക്കുകയെന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ലക്ഷ്യമാണ്. ശക്തനായ സ്ഥാനാര്‍ഥിയെത്തിയാല്‍ മാത്രമേ കേരളാ കോണ്‍ഗ്രസിന്റെ (എം) സിറ്റിങ് സീറ്റായ കോട്ടയം പിടിച്ചെടുക്കാനാകൂ എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവ് പി ജെ ജോസഫിനെ തന്നെ രംഗത്തിറക്കാനാണ് യുഡിഎഫില്‍ ആലോചന.

Signature-ad

മുന്‍ ധാരണപ്രകാരം കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കുന്നതിനാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് താല്‍പ്പര്യം. ഇക്കാര്യത്തില്‍ പ്രദേശിക നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാകും തീരുമാനമുണ്ടാകുക. ജോസ് കെ മാണി വിഭാഗത്തിന്റെ ശക്തി കേന്ദ്രമായ കോട്ടയത്ത് ജോസഫ് മത്സരിക്കാനിറങ്ങിയാല്‍ കോണ്‍ഗ്രസ് പാളയങ്ങളില്‍ ഉണര്‍വുണ്ടാവുന്നതിനൊപ്പം കേരളാ കോണ്‍ഗ്രസ് എം വോട്ടുകളും അനുകൂലമാക്കാനാകുമെന്ന് യുഡിഎഫും കോണ്‍ഗ്രസും കണക്ക് കൂട്ടുന്നുണ്ട്. സമുദായിക സമവാക്യങ്ങള്‍ ജോസഫിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അനുകൂലമാണെന്നും വിലയിരുത്തലുണ്ട്. ജോസഫ് തന്നെ മത്സരരംഗത്തെത്തിയാല്‍ പാര്‍ട്ടിയിലെ എതിരഭിപ്രായങ്ങള്‍ ഇല്ലാതാക്കാനാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുണ്ട്.

ജോസഫിന്റെ വിശ്വസ്തനും കടുത്തുരുത്തി എല്‍എല്‍എയുമായ മോന്‍സ് ജോസഫിന് ലോക്‌സഭയിലേക്ക് പോകാന്‍ താല്‍പ്പര്യമില്ല. അങ്ങനെയെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ്, പി.സി തോമസ് എന്നിവരിലൊരാള്‍ക്കാകും സാധ്യത. എന്നാല്‍, ജോസഫിന് പകരം മകന്‍ അപു ജോസഫിനെ പരിഗണിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ ഫ്രാന്‍സിസ് ജോര്‍ജിനും പി.സി തോമസിനും വഴിയടയും. അങ്ങനെയെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും നിയമസഭാ സീറ്റ് നല്‍കാനുള്ള സാധ്യത ശക്തമാകും.

തൊടുപുഴയ്‌ക്കൊപ്പം കോട്ടയം കൂടി പിടിക്കാനാകുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, കേരളാ കോണ്‍ഗ്രസ് എം അതിവേഗത്തിലാണ് ജില്ലയില്‍ നീക്കം നടത്തുന്നത്. എം.പി ഫണ്ട് ചെലവഴിച്ചതില്‍ ഒന്നാമന്‍ എന്ന് വ്യക്തമാക്കുന്ന തോമസ് ചാഴിക്കാടന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മണ്ഡലത്തിലാകെ സ്ഥാപിച്ചു കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ സംഭവിച്ച പരാജയവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം വോട്ടുകള്‍ ചോര്‍ന്നതും മുന്നില്‍ കണ്ടുള്ള ആഴത്തിലുള്ള പ്രവര്‍ത്തനമാണ് ജില്ലയില്‍ ജോസ് കെ മാണി വിഭാഗം നടത്തുന്നത്.

 

Back to top button
error: