IndiaNEWS

വെള്ളാപ്പള്ളിക്ക് തിരിച്ചടി; ദില്ലി എസ്എൻഡിപി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് കോടതി വിലക്ക്

ദില്ലി: എസ്എൻഡിപി യൂണിയൻ പിരിച്ചുവിട്ട നടപടി താൽകാലികമായി വിലക്കി ദില്ലി രോഹിണി കോടതി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിയമിച്ച അഡ്മിനിസ്‌ട്രേറ്റർ ടി പി മണിയപ്പൻ ചുമതല ഏൽക്കുന്നത് രോഹിണിയിലെ ജില്ലാ കോടതി താത്കാലികമായി വിലക്കി. കേസ് ഇനി പരിഗണിക്കുന്നത് വരെ തൽസ്ഥിതി തുടരണമെന്നാണ് കോടതി നിർദ്ദേശം. ദില്ലി യൂണിയൻ പിരിച്ചുവിട്ട നടപടിക്കെതിരെ യൂണിയൻറെ സെക്രട്ടറി എസ്. സതീശനാണ് ദില്ലി രോഹിണിയിലെ ജില്ലാ കോടതിയിൽ ഹർജി ഫയൽ ചെയ്തത്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെ നാല് പേർക്കെതിരെ നൽകിയ ഹർജിലാണ് രോഹിണിയിലെ ജില്ലാ കോടതിയുടെ ഇടപെടൽ.

എസ്എൻഡിപി യോഗത്തിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ വ്യാപകമായി യൂണിയനുകൾ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപെടുത്തുന്നുവെന്ന് ആരോപിച്ചാണ് കോടതിയിൽ ഹർജി എത്തിയത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഡയറക്ടർ ബോർഡ് അംഗം എം.കെ അനിൽ കുമാർ, ദില്ലി യൂണിയൻ മുൻ പ്രസിഡൻറും അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ട ടി.പി. മണിയപ്പൻ, ടി.പി മന്മഥൻ എന്നിവരായിരുന്നു എതിർകക്ഷികൾ. കേരളത്തിൽ 70-ഓളം അഡ്മിനിസ്‌ട്രേറ്റർമാരെ ഇങ്ങനെ നിയമിച്ചെന്നും കേരള ഹൈക്കോടതി ഉത്തരവ് മറിക്കടക്കാൻ ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണെന്നും ഹർജിക്കാർക്കായി അഭിഭാഷകൻ ദീപക് പ്രകാശ് വാദിച്ചു. എസ്എൻഡിപി ഡയറക്ടർ ബോർഡ് അംഗം എം.കെ അനിൽകുമാറിന് വേണ്ടി അഭിഭാഷക യോഗ മായ ഹാജരായി.

Back to top button
error: