ജയ്പൂർ: രാജസ്ഥാനിലെ കാബിനറ്റ് മന്ത്രിയും മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനുമായ രാജേന്ദ്ര സിങ് യാദവിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയെന്ന് റിപ്പോർട്ട്. രാജസ്ഥാൻ മന്ത്രിസഭയിലെ രണ്ടാമനാണ് രാജേന്ദ്ര സിങ്. ചൊവ്വാഴ്ച രാവിലെ ഏഴിനാണ് മന്ത്രിയുടെ വസതിയിൽ റെയ്ഡ് തുടങ്ങിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊട്പുട്ലി മണ്ഡലത്തിലെ എംഎൽഎയായ രാജേന്ദ്രസിങ്ങിനെ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിനെ തുടർന്നാണ് ഇഡി റെയ്ഡ് നടത്തിയത്. ഇഡിക്കൊപ്പം ആദായനികുതി വകുപ്പും റെയ്ഡിൽ പങ്കെടുത്തെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിയുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. ദില്ലിയിൽ നിന്നെത്തിയ സംഘമാണ് വീട്ടിൽ റെയ്ഡ് നടത്തിയത്.
റെയ്ഡ് നടക്കുന്ന സമയം മന്ത്രിയുടെ വസതിയിലേക്കുള്ള വരവും പോക്കും നിയന്ത്രിച്ചിരുന്നു. ആഭ്യന്തരം, ഉന്നതവിദ്യാഭ്യാസം, ആസൂത്രണം, നിയമം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് രാജേന്ദ്ര സിങ്. മന്ത്രിയുമായി ബന്ധപ്പെട്ട പത്തോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയെന്നാണ് സൂചന. കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് മന്ത്രിയുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ട അമ്പതോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. രാജേന്ദ്ര സിങ്ങിന് ബന്ധമുള്ള കമ്പനി സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി നിലവാരം കുറഞ്ഞ സാധനങ്ങൾ വിതരണം ചെയ്തെന്നാണ് പ്രധാന ആരോപണം.