തൃശൂര്‍: മദ്യസത്കാരത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ സുനാമി കോളനിയില്‍ താമസിക്കുന്ന കാവുങ്ങല്‍ ധനേഷ് (36) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ധനേഷും നാല് സുഹൃത്തുക്കളും ചേര്‍ന്നു ധനേഷിന്റെ വീട്ടില്‍ വച്ച് മദ്യപിച്ചിരുന്നു. ഇവരില്‍ ഒരാളും ധനേഷും തമ്മിലായിരുന്നു അടിപിടി. മറ്റ് മൂന്ന് സുഹൃത്തുക്കള്‍ പോയ ശേഷമായിരുന്നു സംഘര്‍ഷം.
വൈകീട്ടോടെ ധനേഷ് മറ്റുള്ളവരേയും കൂട്ടി ഈ സുഹൃത്തിനെ അന്വേഷിച്ച് തൊട്ടടുത്തുള്ള കള്ളു ഷാപ്പിലെത്തി. ബഹളം വയ്ക്കുന്നതറിഞ്ഞു ഇവിടെ എത്തിയ പൊലീസ് ധനേഷ് ഒഴികെയുള്ളവരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ധനേഷിനോടു ആശുപത്രിയില്‍ പോകാനും പൊലീസ് ആവശ്യപ്പെട്ടു.
എന്നാല്‍ വൈകിട്ട് അഞ്ചരയോടെ ധനേഷിനെ അവശ നിലയില്‍ റോഡരികില്‍ കണ്ടെത്തി. പൊലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകു. പൊലീസ് അന്വേഷണം ആരംഭിച്ചു.