തൃശൂര്‍: മതിലകത്ത് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവും പിതാവും അറസ്റ്റില്‍.യൂത്ത് കോണ്‍ഗ്രസ് വെള്ളാങ്കല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ജിഷ്ണു പ്രസാദിനെയും പിതാവ് മാങ്ങാട്ടുകര വീട്ടിൽ ദശരഥനെയുമാണ് മതിലകം പോലീസ് അറസ്റ്റു ചെയ്തത്.
ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.തൃശൂരില്‍ കനറാ ബാങ്കിന്റെ പടിഞ്ഞാറെ വെമ്ബല്ലൂര്‍ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് ഇരുവരും ചേർന്ന് പണം തട്ടുകയായിരുന്നു
5.5 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് 23,500 രൂപയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവും ഗോള്‍ഡ് അപ്രൈസറായ പിതാവും ചേര്‍ന്ന് ബാങ്കില്‍ നിന്നും തട്ടിയെടുത്തത്.കനറാ ബാങ്ക് റീജിയണല്‍ ഓഫീസില്‍ ഗോള്‍ഡ് അപ്രൈസറായ ദശരഥൻ ബാങ്കിന്റെ പടിഞ്ഞാറെ വെമ്ബല്ലൂര്‍ ശാഖയില്‍ ഇക്കഴിഞ്ഞ ജൂണ്‍ ആറിന് പകരക്കാരനായി എത്തിയിരുന്നു. ഇതേ ദിവസമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ മകൻ ജിഷ്ണു പ്രസാദ് ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ചത്.
ഈ മാസം നടത്തിയ ഓഡിറ്റിങ്ങില്‍ ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബാങ്ക് മാനേജര്‍ മതിലകം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ദശരഥൻ ജോലി ചെയ്യുന്ന മാള, ഇരിങ്ങാലക്കുട ബ്രാഞ്ചുകളിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.