രാത്രി കട്ടിലിൽ കിടന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ? പ്രശ്നം ഗുരുതരം
മൊബൈൽ ഫോൺ നമ്മുടെ ജീവിതശൈലിയുടെ പ്രധാന ഭാഗമായി മാറിയിരിക്കുന്നു. മിക്കവരും ദിവസത്തിൽ പകുതി സമയത്തിലധികവും മൊബൈൽ ഫോണുകളിൽ ചിലവഴിക്കുന്നു. രാത്രി ഉറങ്ങാനായി കിടക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ് പലരും. നിങ്ങളും ഇത് ചെയ്യുകയാണെങ്കിൽ, അത് ആരോഗ്യത്തിന് വലിയ ദോഷം വരുത്തുമെന്നതിനാൽ ജാഗ്രത പാലിക്കുക.
വേണ്ടത്ര ഉറങ്ങാൻ കഴിയില്ല: ഉറക്കം നല്ല ആരോഗ്യത്തിന് പ്രധാനമാണ്. ഇത് നമ്മുടെ മനസിനെയും ശരീരത്തെയും ഒരുപോലെ ആരോഗ്യത്തോടെ നിലനിർത്തുന്നു. മതിയായ ഉറക്കം വളരെ പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. എന്നാലും രാത്രി വൈകുവോളം മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരുന്നാൽ ഉറക്കം പൂർണമാകില്ല. ഇക്കാരണത്താൽ, രാവിലെ എഴുന്നേൽക്കുമ്പോൾ, തലച്ചോറിന്റെ പ്രവർത്തനം ശരിയായി നടക്കാതെ വരും. ഇതു മൂലം പകൽ അലസത അനുഭവപ്പെടും. ഇത്തരമൊരു സാഹചര്യത്തിൽ പല ശാരീരിക പ്രശ്‌നങ്ങളും നേരിടേണ്ടി വരും.
കാഴ്ച ശക്തിക്കു തകരാർ വരും: പലരും രാത്രി കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ മുറിയിൽ അധികം വെളിച്ചമുണ്ടാവില്ല. ഇക്കാരണത്താൽ, കണ്ണുകളെ പ്രതികൂലമായി ബാധിക്കുന്നു. ഇത് കണ്ണുകളെ ദുർബലമാക്കും.
ഓർമ ശക്തി ദുർബലമാകും: വേണ്ടത്ര ഉറക്കം ലഭിക്കാത്തതിനാൽ പകൽ സമയങ്ങളിൽ പ്രശ്‌നങ്ങൾ അനുഭവപ്പെടുമെന്ന് വിദഗ്ധർ പറയുന്നു. ഉറങ്ങാൻ കിടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ ഓർമ ശക്തി ദുർബലമാകുകയും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരികയും ചെയ്യും. ഇതുകൂടാതെ, ഉറക്കക്കുറവ് കാരണം മാനസികാവസ്ഥ രാവിലെ മികച്ചതായിരിക്കില്ല.
മാനസിക പിരിമുറുക്കം വർധിച്ചേക്കാം: ഉറക്കക്കുറവ് ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നു. ഇത് മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കും. ഉറക്കവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ വിദഗ്ധ ഡോക്ടറെ സന്ദർശിക്കുകയും നല്ല ഉറക്കത്തിനായി അവർ നിർദേശിക്കുന്ന കാര്യങ്ങൾ പാലിക്കുകയും വേണം.