കോട്ടയം: പൊലീസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെ വീട്ടിലേക്ക് വെടിയുണ്ട തുളച്ചുകയറി. നാട്ടകത്ത് ശനിയാഴ്ച ജില്ലാ പൊലീസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെയാണ് സംഭവമുണ്ടായത്. പോളിടെക്നിക് കോളേജിനോട് ചേര്‍ന്നുള്ള ചെറിയ ഗ്രൗണ്ടിലാണ് പരിശീലനം. സമീപത്തുള്ള ഉള്ളാട്ടില്‍ എന്ന വീട്ടിലേക്കാണ് വെടിയുണ്ട തുളച്ചുകയറിയത്. ഈ സമയത്ത് മുറിക്കുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു.
എറണാകുളം സ്വദേശി സോണിയും കുടുംബവുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. സംഭവം നടക്കുമ്പോള്‍ സോണിയുടെ ഭാര്യ ജിന്‍സിയും മക്കളായ അല്‍ക്കയും ആത്മികയും വീട്ടിലുണ്ടായിരുന്നു. ജനചില്ല് തുളച്ചാണ് വെടിയുണ്ട് വീടിനുള്ളില്‍ പതിച്ചത്. ശബ്ദംകേട്ട് ഇതേ മുറിക്കുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന അല്‍ക്ക അമ്മയോട് വിവരംപറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജനല്‍ ചില്ല് പൊട്ടിയത് കാണുന്നത്. മുറിക്കുള്ളില്‍ വെടിയുണ്ടയും കണ്ടെത്തി.
വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളില്‍നിന്ന് പോലീസ് വെടിയുണ്ട കണ്ടെടുത്തു. പരിശീലനത്തിനിടെ വെടിയുണ്ട പാറക്കല്ലില്‍ തട്ടി തെറിച്ച് വീട്ടിലേക്ക് പതിക്കുകയായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. അനുമതിയില്ലാതെയാണ് പൊലീസിന്റെ പരിശീലനമെന്നും നിര്‍ത്തിവയ്ക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.